രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള തൊഴില്‍ രഹിതര്‍ക്ക് ഇ-റിക്ഷകള്‍ വിതരണം ചെയ്‌ത് ബോളിവുഡ് നടന്‍ സോനു സൂദ്. തന്‍റെ സ്വന്തം നാടായ മോഗയിലെ 100 പേര്‍ക്കാണ് ആദ്യം സോനു സൂദ് ഇ-റിക്ഷകള്‍ നല്‍കിയത്. കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട് വരുമാനമില്ലാതെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യം വെച്ചാണ് സോനു പദ്ധതിക്ക് തുടക്കം കുറിച്ചത്. 'ഉത്തര്‍പ്രദേശ് മുതല്‍ ബിഹാര്‍ വരെയുള്ള സംസ്ഥാനങ്ങളിലെയും ജാര്‍ഖണ്ഡ്, ഒറീസ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലും തൊഴില്‍ രഹിതര്‍ക്ക് ഇ-റിക്ഷകള്‍ നല്‍കാന്‍ പദ്ധതിയുണ്ട്. ഇതിന്‍റെ ഭാഗമായാണ് പഞ്ചാബിലെ എന്‍റെ സ്വന്തം നാടായ മോഗയിലെ തൊഴില്‍ രഹിതര്‍ക്ക് ഇ-റിക്ഷകള്‍ വിതരണം ചെയ്‌തത്' സോനു സൂദ് പറഞ്ഞു. തൊഴിലില്ലായ്‌മയെ ഇല്ലാതാക്കുകയെന്നതും താന്‍ ലക്ഷ്യം വെക്കുന്നുണ്ടെന്ന് സോനു സൂദ് കൂട്ടിച്ചേര്‍ത്തു.
'ആളുകൾ പരസഹായമില്ലാതെ സ്വന്തമായി അധ്വാനിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ ഇ-റിക്ഷകള്‍ വിതരണം ചെയ്യുമ്പോള്‍ അവർ സ്വയംപര്യാപ്തരാകും. കൊവിഡ് പകർച്ചവ്യാധി പലർക്കും തൊഴിൽ നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. അത്തരക്കാരെ സഹായിക്കുന്നതിനുള്ള ഒരു നല്ല മാർഗമാണ് ഇ-റിക്ഷകൾ. പണം അനാവശ്യമായി ചെലവാക്കാതെ ഇത്തരത്തില്‍ കഷ്ടതയനുഭവിക്കുന്ന ഒരാള്‍ക്കെങ്കിലും ഇ-റിക്ഷകള്‍ പോലുള്ളവ വാങ്ങാന്‍ മാറ്റിവെച്ചാല്‍ അത് നിരവധി പേര്‍ക്ക് വലിയ സഹായമാകും. എല്ലാവരും അതിന് ശ്രമിക്കണമെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്...' സോനു സൂദ് പറഞ്ഞു. ലോക്ക് ഡൗണ്‍ കാലം മുതല്‍ സാധാരണക്കാരെയും ഇതരസംസ്ഥാനക്കാരെയും കൈയ്യഴിഞ്ഞ് സഹായിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു സോനു സൂദ്. തെലുങ്കില്‍ ഒരുങ്ങുന്ന ആചാര്യയാണ് റിലീസിന് തയ്യാറെടുക്കുന്ന സോനു സൂദ് സിനിമ.