മുംബൈ: ലൈംഗിക ന്യൂനപക്ഷങ്ങളോട് സമൂഹത്തിൽ നിലനിൽക്കുന്ന സ്ഥിരധാരണകളും ചിന്താഗതികളും തന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് ബോളിവുഡ് താരം ആയുഷ്‌മാൻ ഖുറാന. തന്‍റെ പുതിയ ചിത്രം ശുഭ് മംഗല്‍ സ്യാദ സാവ്ദാനിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ലൈംഗിക ന്യൂനപക്ഷക്കാരെ സമൂഹം എങ്ങനെ കാണുന്നുവെന്നതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞത്.
"ഞാൻ ജനിച്ച് വളർന്നത് ഒരു ചെറിയ നഗരത്തിലാണ്, അന്ന് ഈ വിഷയത്തിൽ എനിക്ക് വേണ്ടത്ര അറിവില്ലായിരുന്നു. എന്നാൽ പതിയെ ഇതിനെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ തുടങ്ങി. ലൈംഗിക ന്യൂനപക്ഷക്കാരെക്കുറിച്ച് സമൂഹത്തിനുള്ള കാഴ്‌ചപ്പാടും തിരിച്ചറിഞ്ഞപ്പോൾ അതെന്നെ ശരിക്കും വേദനിപ്പിച്ചു," ആയുഷ്‌മാൻ പറഞ്ഞു. മനുഷ്യരെല്ലാം തുല്യരാണെന്നും അവർ ആരായിരിക്കണം, ആരെ സ്‌നേഹിക്കണം, ആരെ തെരഞ്ഞെടുക്കണം എന്നിവ സ്വതന്ത്ര രാഷ്‌ട്രത്തിൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നും ഖുറാന വിശദമാക്കി.
"കാലത്തിനനുസരിച്ചുള്ള നമ്മുടെ രാജ്യത്തിന്‍റെ പുതിയ നയത്തിൽ ഞാൻ സന്തോഷിക്കുന്നു. ആർട്ടിക്കിൾ 377 റദ്ദാക്കിയ സുപ്രീം കോടതിയുടെ തീരുമാനം ചരിത്രപരമായ ഒരു നടപടിയായിരുന്നു. ആ വിധി നടപ്പിലാക്കിയ രാജ്യത്തിൽ ഞാൻ അഭിമാനിക്കുന്നു," ഓരോ ഇന്ത്യക്കാരന്‍റെയും വ്യക്തിത്വത്തെ അംഗീകരിക്കുകയാണ് തന്‍റെ പുതിയ ചിത്രമെന്ന് പ്രതിപാദിച്ച താരം ശുഭ് മംഗല്‍ സ്യാദ സാവ്ദാനിൽ ഒരു ഗേയുടെ വേഷമാണ് ചെയ്യുന്നതെന്നും അറിയിച്ചു.