ബോളിവുഡ് താരം സഞ്ജയ് ദത്ത് കേന്ദ്രകഥാപാത്രമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് പ്രസ്ഥാനം. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേവ കത്തതയാണ്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന അമേറ ദസ്തര്‍ സഞ്ജുവിനൊപ്പുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്. 'അദ്ദേഹത്തോടെന്നും തനിക്ക് ബഹുമാനമാണ്. ഒരുമിച്ചുണ്ടായ ഷൂട്ടിങ് വേളകളില്‍ തന്‍റെ കഴിഞ്ഞുപോയ ഇരുണ്ടകാലത്തെ അനുഭവങ്ങള്‍ തങ്ങളോട് അദ്ദേഹം പങ്കുവെച്ചു. അദ്ദേഹം സത്യസന്ധനും ആര്‍ക്കും ബഹുമാനം തോന്നുന്നതുമായ സ്വഭാവത്തിന് ഉടമയാണ്. താന്‍ ഇരുവരെ പരിചയപ്പെട്ടവരില്‍ വച്ച് തന്നെ ഏറെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്‍റെ സ്വഭാവമാണെന്നും' അമേറ പഞ്ഞു.
ബല്‍ദേവ് പ്രതാപ് സിങ് എന്ന രാഷ്ട്രീയക്കാരനായാണ് സഞ്ജയ് ദത്ത് ചിത്രത്തില്‍ എത്തുന്നത്. സഞ്ജയ് ദത്തിന്‍റെ മക്കളായി അലി ഫൈസലും, സത്യജിത് ദൂബെയും ചിത്രത്തില്‍ വേഷമിടുന്നു. സഞ്ജയ് ദത്തിന്‍റെ ഭാര്യയായി മനീഷ കൊയ്‌രാളയും എത്തുന്നുണ്ട്. പത്തു വർഷത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബാദ്ഷാ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ജാക്കി ഷ്‌റോഫും ചിത്രത്തിലെത്തുന്നു. ജാക്കി ഷ്‌റോഫിന്‍റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണിതെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. 2010ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കാണ് പ്രസ്ഥാനം. സഞ്ജയ് ദത്തിന്‍റെ ഭാര്യ മാന്യത ദത്താണ് നിര്‍മാണം. സഞ്ജയ് എസ് ദത്ത് പ്രൊഡക്ഷന്‍റെ ആദ്യ മെഗാ ബജറ്റ് ചിത്രം കൂടിയാണിത്. സഞ്ജയ് ദത്തിന്‍റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ കമ്പനി നിര്‍മിച്ച ആദ്യ മറാത്തി ചിത്രം ബാബ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്തിരുന്നു.