ബോളിവുഡിലെ കിരീടം വെക്കാത്ത രാജക്കന്മാരായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു സിനിമക്കായി ഒരുമിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു ഇടവേളയ്‌ക്ക് ശേഷം ഷാരൂഖിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന പത്താന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പതിനഞ്ച് ദിവസത്തെ ഡേറ്റ് സല്‍മാന്‍ ഖാന്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. കൂടാതെ ചിത്രത്തിന്‍റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലാണ് ചിത്രീകരിക്കുകയെന്നും ബോളിവുഡ് വൃത്തങ്ങള്‍ അറിയിക്കുന്നു. സീറോയുടെ പരാജയത്തിന് ശേഷം ഷാറൂഖ് സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
ബോളിവുഡ് ഇതുവരെ കാണാത്ത ക്ലൈമാക്‌സ് രംഗങ്ങളാണ് പത്താനിലുള്ളതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. സല്‍മാനും ഷാറൂഖും തമ്മിലുള്ള ആക്ഷന്‍ സ്വീക്വന്‍സുകളാണ് ബുര്‍ജ് ഖലീഫയില്‍ ചിത്രീകരിക്കുക. ജോണ്‍ എബ്രഹാമും ദീപിക പദുക്കോണും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഉണ്ടാകും. ജോണ്‍ എബ്രഹാം ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുക. ദീപാവലിക്ക് പത്താന്‍ തിയേറ്ററുകളിലെത്തും. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അബുദാബിയിലെ മരുഭൂമിയിലാണ് സിനിമയുടെ പല സീനുകളും ചിത്രീകരിച്ചിരിക്കുന്നത്. കരണ്‍ അര്‍ജുന്‍, ദുഷ്മന്‍ ദുനിയ കാ, കുച്ച് കുച്ച് ഹോതാ ഹേ, ഹര്‍ദില്‍ ജോ പ്യാര്‍ കരേഗ, ഹം തുമാരേ ഹേ സനം, ഓം ശാന്തി ഓം, ട്യൂബ് ലൈറ്റ് എന്നീ ചിത്രങ്ങള്‍ക്കായാണ് നേരത്തെ ഷാരൂഖും സല്‍മാനും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.