മുംബൈ: രാമ-രാവണ യുദ്ധം പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന ബഹുഭാഷാ ചിത്രം 'ആദിപുരുഷി'ൽ പ്രഭാസ് നായകനാകുമ്പോൾ രാവണന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാനാണ്. എന്നാൽ, ചിത്രത്തിൽ ലങ്കാ രാജന് മാനുഷികമായ പരിവേഷമായിരിക്കും നൽകുന്നതെന്നും സീതയെ തട്ടിക്കൊണ്ട് പോകുന്നതിനെ ന്യായീകരിച്ചായിരിക്കും കഥ പറയുന്നതെന്നും സെയ്‌ഫ് അലി ഖാൻ അടുത്തിടെ ഒരു വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു. ഇതോടെ, സെയ്‌ഫിനെ ചിത്രത്തിൽ നിന്നും ഒഴിവാക്കണമെന്നും സിനിമയിൽ താരത്തെ കാണാൻ ആഗ്രഹിക്കുന്നില്ലെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ രംഗത്തെത്തി.
"ഒരു രാക്ഷസ രാജാവായി അഭിനയിക്കുന്നതിൽ സന്തോഷിക്കുന്നു. പക്ഷേ, ഞങ്ങൾ അദ്ദേഹത്തെ മനുഷ്യനാക്കും. ലക്ഷ്‌മണൻ രാവണന്‍റെ സഹോദരി ശൂർപ്പണകയുടെ മൂക്ക് ഛേദിച്ചതിന്‍റെ പ്രതികാരമായാണ് സീതയെ തട്ടിക്കൊണ്ടുപോയതും രാമനുമായുള്ള യുദ്ധത്തിന് കാരണമായതെന്നും ചിത്രത്തിൽ വിവരിക്കും," എന്നും സെയ്‌ഫ് അലി ഖാൻ അഭിമുഖത്തിൽ വിവരിച്ചു. ഇതേ തുടർന്നാണ് സെയ്‌ഫിനെതിരെ സമൂഹമാധ്യമങ്ങളിൽ എതിർപ്പ് ഉയർന്നത്. എന്നാൽ, സിനിമയിൽ നിന്നും സെയ്‌ഫിനെ മാറ്റില്ലെന്ന നിലപാടിൽ നിർമാതാക്കൾ ഉറച്ചുനിന്നതോടെ സെയ്‌ഫിനെതിരെ ഉയർന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും പതിയെ ശമനമുണ്ടായി.
രാമായണത്തിലെ സീതാപഹരണത്തെ ചിത്രം ന്യായീകരിക്കുമെന്ന വാർത്തയോട് ഒരു വിഭാഗം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും സെയ്‌ഫ് ചിത്രത്തിലെ ഒരു നടൻ മാത്രമാണെന്നും ആദിപുരുഷിന്‍റെ തിരക്കഥയിലോ സംവിധാനത്തിലോ മാറ്റം വരുത്താൻ അദ്ദേഹത്തിന് കഴിയില്ലെന്നും മറ്റൊരു വിഭാഗം സെയ്‌ഫിനെ അനുകൂലിച്ചും പ്രതികരിച്ചിട്ടുണ്ട്.