മുംബൈ: സീതാപഹരണത്തെ ന്യായീകരിച്ചും രാവണനെ മാനുഷിക കണ്ണിലൂടെ അവതരിപ്പിച്ചുമാണ് ആദിപുരുഷ് നിർമിക്കുന്നതെന്ന് ഒരു വാർത്താ മാധ്യമത്തിലൂടെ സെയ്‌ഫ് അലി ഖാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, സെയ്‍ഫിനെ ചിത്രത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും ഒരു വിഭാഗം ആളുകൾ എതിർപ്പുമായി എത്തിയതോടെ പ്രസ്‌താവന വിവാദമായി.
എന്നാൽ, താൻ പറഞ്ഞത് ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താനല്ലെന്നും അതിനാൽ തന്നെ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ പിൻവലിക്കുകയാണെന്നും അറിയിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാൻ. "ഒരു അഭിമുഖത്തിനിടെ ഞാൻ നടത്തിയ പ്രസ്താവന വിവാദങ്ങൾക്ക് കാരണമാവുകയും ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് അറിഞ്ഞു. ആ ഉദ്ദേശ്യത്തിലല്ല ഞാൻ അങ്ങനെ പറഞ്ഞത്. എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്‍റെ പ്രസ്താവന പിൻവലിക്കുകയാണ്. എല്ലായ്‌പ്പോഴും രാമൻ എന്നെ സംബന്ധിച്ചിടത്തോളം നീതിയുടെയും വീരതയുടെയും പ്രതീകമായിരുന്നു. തിന്മക്കെതിരായ നന്മയുടെ വിജയമാണ് ആദിപുരുഷിലും വിവരിക്കുന്നത്. അതിനാൽ തന്നെ, ഇതിഹാസത്തെ വളച്ചൊടിക്കാതെ അവതരിപ്പിക്കാനാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകരും ശ്രമിക്കുന്നത്," എന്ന് സെയ്‌ഫ് വ്യക്തമാക്കി.
രാമ-രാവണ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ പ്രഭാസ്- സെയ്‌ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി ത്രിമാന ചിത്രമായാണ് ആദിപുരുഷ് പുറത്തിറങ്ങുന്നത്.
കൂടുതൽ വായിക്കാൻ: 'ആദിപുരുഷ്' സീതാപഹരണത്തെ ന്യായീകരിക്കും; ചിത്രത്തിൽ നിന്ന് സെയ്‌ഫിനെ മാറ്റണമെന്ന് ആവശ്യം