സിനിമാ കുടുംബത്തിൽ നിന്നെത്തി അഭിനേതാവായും നിർമാതാവായും സംവിധായകനായും തിളങ്ങിയ ബോളിവുഡ് താരം ഋഷി കപൂർ ഓർമയാകുമ്പോൾ സിനിമാലോകത്തിന് നഷ്‌ടമാകുന്നത് അതുല്യ പ്രതിഭയെയാണ്. പ്രശസ്‌ത ചലച്ചിത്ര സംവിധായകനും നടനുമായ രാജ് കപൂറിന്‍റെ രണ്ടാമത്തെ മകനായി 1952 സെപ്‌തംബർ നാലിന് ബോംബെയിലാണ് ഋഷി കപൂർ ജനിച്ചത്. മുംബൈയിലെ ക്യാമ്പിയൻ സ്‌കൂളിൽ അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. അദ്ദേഹത്തിന്‍റെ സഹോദരന്മാരാണ് ബോളിവുഡിലെ പ്രശസ്‌ത താരങ്ങളായ രൺധീർ കപൂറും രാജീവ് കപൂറും. നിരവധി ചിത്രങ്ങളിൽ തന്‍റെ പങ്കാളിയായെത്തിയ നീതു സിംഗിനെയാണ് ഋഷി കപൂർ വിവാഹം ചെയ്‌തത്. ഇവരുടെ മകനാണ് യുവനടൻ രൺബീർ കപൂർ.
ഋഷി കപൂറിന്‍റെ സിനിമയിലേക്കുള്ള വരവ് 1970ൽ പുറത്തിറങ്ങിയ മേരാ നാം ജോക്കറിൽ അച്ഛന്‍റെ ബാല്യകാലത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു. 1973ൽ ഡിംപിൾ കപാഡിയ നായികയായ ബോബി എന്ന ചിത്രത്തിൽ നായകനായി എത്തിയ ഋഷി കപൂറിന് യുവാക്കൾക്കിടയിൽ വലിയ അംഗീകാരം ലഭിച്ചു.അക്കാലത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ബോബി.ഈ ചിത്രത്തോടെ ഋഷി കപൂർ ബോളിവുഡില്‍ തന്‍റെ സ്ഥാനം ഉറപ്പിച്ചു.
നീതു സിംഗിനെ തന്‍റെ ജീവിത പങ്കാളിയാക്കുന്നതിന് മുമ്പ് 1974-1981 വരെ അവർക്കൊപ്പം ജോഡിയായി നിരവധി സിനിമകളിൽ വേഷമിട്ടു. ഖേൽ ഖേൽ മേൻ, കഭി കഭി, അമർ അക്ബർ അന്തോണി, പത്‌നി പത്‌നി ഓർ വോ, ദുനിയാ മേരി ജെബ് മെയിൻ എന്നിവ ഋഷി- നീതു ജോഡികൾ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളിൽ ചിലതാണ്.1977- 1994 കാലഘട്ടങ്ങളിൽ ബഹുതാര ചലച്ചിത്രങ്ങളിലാണ് ഋഷി കപൂർ കൂടുതലായും അഭിനയിച്ചത്.എന്നാല്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ചെയ്ത വേഷങ്ങളെല്ലാം ഋഷികപൂർ മികച്ചതാക്കി .പ്രണയ നായകനായാണ് ഋഷി കപൂറിനെ മിക്കവാറും പ്രേക്ഷകർ പരിചയപ്പെട്ടിട്ടുള്ളത്. തൊണ്ണൂറുകളിൽ റിലീസിനെത്തിയ ദീവാനാ, ദാമിനി ചിത്രങ്ങളിലെ രണ്ട് നായകവേഷങ്ങളിൽ ഒരാൾ ഋഷി കപൂറായിരുന്നു.
1999ൽ പുറത്തിറങ്ങിയ ആ അബ് ലോട്ട് ചലേൻ എന്ന ചിത്രത്തിന്‍റെ സംവിധാനം ഋഷിയായിരുന്നു. രണ്ടായിരത്തിൽ എത്തിയപ്പോഴേക്കും പ്രണയനായകന്‍റെ കുപ്പായമഴിച്ചു വച്ച് അദ്ദേഹം സഹതാരത്തിന്‍റെ വേഷങ്ങളിലേക്ക് കുടിയേറി. പ്രണയനായകനായി അഭിനയിച്ച അദ്ദേഹത്തിന്‍റെ അവസാനത്തെ ചിത്രം ദി ബിസിനസ് ഓഫ് ലവും ഇതേ വർഷമാണ് റിലീസ് ചെയ്‌തത്. ദി ബിസിനസ് ഓഫ് ലവ് പരാജയമായതോടെ യേ ഹെ ജൽവാ, ഹം തും, അമീർ ഖാൻ ചിത്രം ഫനാ, നമസ്‌തേ ലണ്ടൻ, ഇംതിയാസ് അലി സംവിധാനം ചെയ്‌ത ലവ് ആജ് കൽ, പട്യാല ഹൗസ് എന്നിവയിൽ സഹതാരമായി ഋഷി തിളങ്ങി.
ഡോണ്ട് സ്റ്റോപ് ഡ്രീമിങ്ങ് എന്ന ബ്രിട്ടീഷ് ചിത്രത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 2010ൽ പുറത്തിറങ്ങിയ ദോ ദൂണി ചാറിൽ നീതു സിംഗിന്‍റെ ജോഡിയായി വേഷമിട്ടു. പിന്നീട് ചിന്തുജി എന്ന ചിത്രത്തിൽ ഋഷി കപൂറായി തന്നെ താരമെത്തി. 2012ൽ പ്രതിനായക വേഷത്തിൽ അഗ്നീപഥ് സിനിമയിൽ പ്രേക്ഷകൻ വീണ്ടും അദ്ദേഹത്തെ കണ്ടുമുട്ടി. ബഹുതാര ചിത്രമായ ഹൗസ്‌ഫുൾ 2വിൽ രൺധീർ കപൂറിനൊപ്പവും ഋഷി കപൂർ അഭിനയിച്ചു. ഹിന്ദി ചിത്രങ്ങളിൽ യുവത്വത്തിനെ ആഘോഷമാക്കിയ ഋഷി കപൂർ പിന്നീട് തന്‍റെ മകൻ രൺബീർ കപൂറിനും മറ്റ് യുവതാരങ്ങൾക്കൊപ്പവും ഗാനരംഗങ്ങളിൽ ആടിത്തിമർത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2018ൽ കാൻസർ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ ന്യൂയോർക്കിൽ ഒരുവർഷത്തോളം താരം ചികിത്സയിലായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ബോഡിയാണ് ഋഷി കപൂറിന്‍റെ അവസാന ചലച്ചിത്രം.