കണ്ണുകളില്‍ പ്രണയം മാത്രം... ചുണ്ടില്‍ ഒളിപ്പിച്ച പുഞ്ചിരി.... വെള്ളിത്തിരയില്‍ ഋഷി കപൂർ മിന്നിത്തിളങ്ങുമ്പോൾ ആരും പ്രണയിച്ചുപോകും... തീവ്രാനുരാഗത്തിന്‍റെ ഭാവങ്ങൾ ഇത്രമേല്‍ ഭംഗിയായി അവതരിപ്പിച്ച നടൻമാർ ബോളിവുഡില്‍ വിരളമായിരിക്കും. ബോളിവുഡിന്‍റെ നിത്യഹരിത നായകനായിരുന്ന അച്ഛൻ രാജ്‌കപൂറിനെ പോലും പ്രണയം കൊണ്ട് തോല്‍പ്പിച്ച നടനും മകനുമാണ് ഋഷി കപൂർ. ബോളിവുഡിന്‍റെ ആദ്യ ചോക്ലേറ്റ് നായകൻ...
1973ല്‍ അച്ഛൻ രാജ്‌കപൂറിന്‍റെ ചിത്രമായ ബോബിയില്‍ അരങ്ങേറ്റം കുറിക്കുമ്പോൾ ഋഷിയുടെ പ്രായം 21. ഇന്ത്യൻ യുവത്വത്തെ തീപിടിപ്പിച്ച പ്രണയ ഭാവങ്ങളാണ് ഋഷി അന്ന് പ്രകടമാക്കിയത്. ഒരു കാലഘട്ടത്തിന്‍റെ സൗന്ദര്യ സങ്കല്‍പ്പമായിരുന്ന ഡിംപിൾ കപാഡിയയ്ക്കൊപ്പം മീശ മുളയ്ക്കാത്ത ഋഷി കപൂർ വെള്ളിത്തിരയിലെത്തിയപ്പോൾ അത് ഇന്ത്യൻ പ്രണയ ചിത്രങ്ങളുടെ പുതു ചരിത്രമായി. പ്രണയം വഴിഞ്ഞൊഴുകിയ ഗാനങ്ങൾ കൂടിയായതോടെ ഋഷിയും " ബോബിയും " സൂപ്പർ ഹിറ്റ്. സിരകളിലേക്ക് പടർന്നു കയറുന്ന ലഹരി പോലെ ഋഷി ഇന്ത്യൻ യുവത്വത്തിന് ആവേശമായി. " ഹം തും ഏക് കമ്‌രേ മേം" ... എന്ന് ഋഷിയും ഡിംപിളും ചേർന്ന് വെള്ളിത്തിരയില്‍ പാടിത്തകർത്തപ്പോൾ പ്രണയത്തിന് പുതിയ ഭാവം. " മെയ്ൻ.. ശായർ തോ നഹീ" ... എന്ന ഗാനം വിശേഷണങ്ങൾ ആവശ്യമില്ലാതെ തലമുറകൾ ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്നു. പ്രണയത്തിന് പുതിയ സമവക്യമായി ബോളിവുഡിനൊപ്പം ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും " ബോബിക്ക് " പരിഭാഷകളുണ്ടായി. ഋഷി കപൂർ എന്ന പ്രണയ നായകൻ ബോളിവുഡിലെ പകരം വെക്കാനില്ലാത്ത സൗന്ദര്യ സങ്കല്‍പ്പമായി മാറി. " കഭി കഭി, ചാന്ദിനി, സാഗർ, ബോല്‍ രാധ, ബോല്‍, അമർ അക്‌ബർ ആന്‍റണി, ദീവാന " തുടങ്ങി ഋഷി കപൂർ ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയത് നിരവധി പ്രണയ ഹിറ്റുകളാണ്. പ്രണയ നായകനില്‍ നിന്ന് കാലം ആവശ്യപ്പെട്ട സ്വാഭാവിക നടനിലേക്ക് ഋഷി ചുവടും മുഖവും മാറ്റിയെഴുതിയപ്പോഴും ആ പ്രണയം തുളുമ്പുന്ന ചിരിയും കണ്ണുകളും ബോളിവുഡിനെ ത്രസിപ്പിച്ചുകൊണ്ടേയിരുന്നു. സിനിമകളിലെ പ്രണയ നായകൻ ജീവിതത്തിലും അങ്ങനെയായിരുന്നു... ഏറെക്കാലത്തെ പ്രണയത്തിനു ശേഷം നടി നീതു സിങിനെ ഋഷി വിവാഹം കഴിക്കുമ്പോൾ ബോളിവുഡ് സിനിമയെ പോലും തോല്‍പ്പിച്ച പ്രണയം അക്ഷരാർഥത്തില്‍ സാർഥകമാകുകയായിരുന്നു. 40 വർഷത്തെ ദാമ്പത്യ ജീവിതത്തില്‍ ഋഷി കപൂറിന്‍റെ എല്ലാമെല്ലാമായി നീതു ഒപ്പം നിന്നു. രാജേഷ് ഖന്ന, ശത്രുഘ്‌നൻ സിൻഹ, ജിതേന്ദ്ര, അമിതാഭ് ബച്ചൻ, വിനോദ് ഖന്ന തുടങ്ങി ബോളിവുഡ് അടക്കി വാണ താരങ്ങൾക്കൊപ്പം ചിരിക്കുന്ന... പ്രണയിക്കുന്ന കണ്ണുകളുമായി ഋഷി എന്നും ആരാധക ഹൃദയത്തിലുണ്ടാകും.
1973ല്‍ ബോബിയിലൂടെ ഇന്ത്യൻ സിനിമയുടെ രാജകുമാരനായി മാറിയ ഋഷി കപൂർ അവസാന ശ്വാസം വരെ സന്തോഷവാനായിരുന്നു... " ഒരിക്കലും ആരും തന്നെ കണ്ണീരോടെ ഓർക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. എന്നും ചിരിയോടെ മാത്രം ഓർക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചതെന്ന് ഋഷിയുടെ മരണം സ്ഥിരീകരിച്ച് കുടുംബം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു ". രാജ്യം കൊറോണ വൈറസിന്‍റെ പിടിയില്‍ അകപ്പെടുമ്പോൾ ആരോഗ്യ പ്രവർത്തകർക്കെതിരെ നടന്ന ആക്രമണത്തിലാണ് ബോളിവുഡിന്‍റെ നിത്യ ഹരിത വസന്തം അവസാനമായി പ്രതികരിച്ചത്. " കല്ലെറിയലും കയ്യേറ്റവും നിർത്തൂ.. ഈ വൈറസ് യുദ്ധം നമുക്കൊരുമിച്ച് ജയിക്കണം. നിങ്ങളോട് അപേക്ഷിക്കുന്നു " എന്നാണ് രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളില്‍ സജീവമായി പ്രതികരിച്ചിരുന്ന ഋഷി കപൂർ അവസാനമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രതികരണം. പ്രണയിച്ച് തീരാത്ത മനസുമായി ബോളിവുഡിന്‍റെ സ്വന്തം കാമുകനായ ഋഷി കപൂർ വിടപറയുമ്പോൾ ഓർമയില്‍ ആ പുഞ്ചിരിയും കണ്ണിലെ പ്രണയവും....