1983ൽ കപിൽ ദേവും ടീമും കുറിച്ച ചരിത്രം, ഇന്ത്യയുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പ് വിജയം വെള്ളിത്തിരയിലെത്തുന്നതിന്‍റെ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്‍റെ വേഷത്തില്‍ എത്തുന്നത് ബോളിവുഡ് താരം രണ്‍വീര്‍ സിങാണ്. നേരത്തെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നെങ്കിലും രണ്‍വീര്‍ സിങിന്‍റെ പുതിയ സ്റ്റില്ലാണ് ഇപ്പോൾ വൈറൽ.
നടരാജ് ഷോട്ടിൽ രണ്‍വീര്‍ സിങ് ഷോള്‍ഡറിന് നേരെ വരുന്ന പന്തിനെ ബൗണ്ടറിയിലെത്തിക്കാന്‍ കാലുകള്‍ ഉയര്‍ത്തി സ്ട്രച്ച് ചെയ്ത് കളിക്കുന്ന ഷോട്ട്, നടരാജ് ഷോട്ട്. അതിന്‍റെ ഭംഗി ഒട്ടും ചോരാതെ തന്നെ രണ്‍വീറും അത് ക്യാമറക്ക് മുമ്പിൽ അടയാളപ്പെടുത്തി. നടൻ രണ്‍വീര്‍ സിങ് പങ്കുവെച്ച ഈ പുതിയ സ്റ്റിൽ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തെ പ്രശംസിച്ച് സാക്ഷാല്‍ കപില്‍ ദേവുമെത്തി. കപില്‍ ദേവിന്‍റെ ഐക്കോണിക് ഷോട്ടെന്ന പ്രത്യേകത മാത്രമല്ല, സ്റ്റില്ലിൽ കപിലിനോട് ഏറെ സാമ്യം തോന്നിക്കുന്ന മുഖവും ശരീരവുമാണ് രൺപീറിന്‍റേത്. അതിനാൽ തന്നെ യഥാര്‍ത്ഥ കപില്‍ തന്നെയല്ലേ ഇതെന്നാണ് ആരാധകരുടെ ചോദ്യവും. കഥാപാത്രത്തിന്‍റെ പൂര്‍ണതക്ക് വേണ്ടി കഠിന പ്രയത്‌നമാണ് താരം എടുത്തിരിക്കുന്നത്. ചരിത്രനേട്ടം സാധ്യമാക്കി തന്ന മുൻ ക്രിക്കറ്റ് ക്യാപ്‌റ്റനായുള്ള രണ്‍വീറിന്‍റെ അവതരണത്തിന് ക്രിക്കറ്റ് താരം കപിൽ ദേവ് തന്നെയാണ് നടരാജ് ഷോട്ട് താരത്തിനെ പഠിപ്പിച്ചതും.കപിലിന്‍റെ ചെകുത്താന്മാർ വിന്‍ഡീസിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ ക്രിക്കറ്റിന് അഭിമാന നിമിഷം കുറിച്ചത് സംവിധായകൻ കബീര്‍ ഖാന്‍ 83 എന്ന സിനിമയിലൂടെ അവതരിപ്പിക്കുകയാണ്. റിലയന്‍സ് എന്‍റര്‍ടെയിൻമെന്‍റ്‌സിന്‍റെ നിര്‍മാണത്തിലൊരുങ്ങുന്ന സ്‌പോര്‍ട്‌സ് പ്രമേയമായി വരുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് എത്തുന്നത്. രൺവീറിനൊപ്പം ദീപിക പദുകോണ്‍, തമിഴ് നടന്‍ ജീവ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജീവ ക്രിക്കറ്റര്‍ ശ്രീകാന്തിനെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.