മുംബൈ: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ബോളിവുഡ് നടൻ രൺധീർ കപൂറിനെ ഐസിയുവിലേക്ക് മാറ്റി. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് 74 കാരനായ താരം ചികിത്സയിലുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തുകയും പിന്നീട് രൺധീർ കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇപ്പോൾ നടന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും കൂടുതൽ പരിശോധനകൾക്കായാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. രൺദീർ ഐസിയുവിൽ നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസത്തേക്ക് കൂടി അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
പ്രശസ്ത നടനും ചലച്ചിത്ര സംവിധായകനുമായ രാജ് കപൂറിന്‍റെ മൂത്ത മകനാണ് രൺധീർ കപൂർ. ബോളിവുഡിലെ പ്രമുഖ നടിമാരായ കരിഷ്മ കപൂറും കരീന കപൂർ ഖാനുമാണ് മക്കൾ. അനുജനും നടനുമായ ഋഷി കപൂർ (67) കഴിഞ്ഞ ഏപ്രിലിൽ അന്തരിച്ചു. നീണ്ട നാളായി കാൻസറിനോട് മല്ലിട്ട ശേഷമാണ് ഋഷി കപൂർ മരിച്ചത്. രൺധീറിന്‍റെ ഇളയ സഹോദരനും അഭിനേതാവുമായ രാജീവ് കപൂർ (58) ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചതും കപൂർ കുടുംബത്തിനെ അതീവ ദുഃഖത്തിലാക്കിയിരുന്നു.
Also Read: കൊവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് സോനു സൂദ്
കൽ ആജ് ഔർ കൽ, ജീത്, ജവാനി ദിവാനി, ലഫാംഗെ, രാംപൂർ കാ ലക്ഷ്മൺ, ഹാത്ത് കി സഫായ് എന്നിവയാണ് രൺധീർ കപൂറിന്‍റെ പ്രധാന ചിത്രങ്ങൾ. 1971ലാണ് താരം ബോളിവുഡ് നടി ബബിതയെ വിവാഹം കഴിച്ചത്. എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു.