51-ാമത് ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാര ജേതാവായി തലൈവയെ തെരഞ്ഞെടുക്കുമ്പോൾ, തെന്നിന്ത്യ മുഴുവനുള്ള സിനിമാലോകത്തിന് ഇത് അഭിമാന നിമിഷമാണ്. രജനികാന്തിന്‍റെ ദേശീയ നേട്ടത്തിന് ആരാധകരും സഹപ്രവർത്തകരും സാംസ്കാരിക മേഖലയിലെ പ്രമുഖരുമുൾപ്പെടെ നിരവധി പേർ ആശംസ നേർന്നു.
തന്‍റെ പ്രിയപ്പെട്ട സൂര്യക്ക് ദേവയിൽ നിന്നും അഭിനന്ദനങ്ങൾ എന്ന് മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു. 1991ൽ മണിരത്നത്തിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദളപതിയിൽ മമ്മൂട്ടി ദേവയായും രജനികാന്ത് സൂര്യയായുമാണ് അഭിനയിച്ചത്.
ദാദാ സാഹെബ് ഫാൽക്കെ ജൂറി അംഗം കൂടിയായിരുന്ന മലയാളത്തിന്‍റെ സൂപ്പർസ്റ്റാർ മോഹൻലാലും സ്റ്റൈൽ മന്നന് ആശംസയറിയിച്ചു. അർഹിക്കുന്ന അംഗീകാരമെന്നാണ് മോഹൻലാൽ പറഞ്ഞത്.
നടി സിമ്രാൻ, കാർത്തി, മനോജ് കെ. ജയൻ, കെ.എസ് ചിത്ര, ചിരഞ്ജീവി, ധനുഷ്, പൃഥ്വിരാജ്, മഹേഷ് ബാബു, നടി ഖുശ്ബു, ബിജെപി എംപി ബി.വൈ രാഗവേന്ദ്ര തുടങ്ങി നിരവധി പ്രമുഖർ താരത്തിന് അഭിനന്ദനം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന് ആശംസയറിയിച്ചു. തലമുറകളിലുടനീളം ജനപ്രീതിയാർജ്ജിച്ച, വൈവിധ്യമാർന്ന വേഷങ്ങള്‍ക്കും ആകർഷകമായ വ്യക്തിത്വത്തിനും ഉടമയാണ് രജനികാന്തെന്നായിരുന്നു നരേന്ദ്രമോദിയുടെ ട്വീറ്റ്. താരത്തിന് ദാദാസാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും മോദി വ്യക്തമാക്കി.
ദാദാസാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ താൻ അങ്ങേയറ്റം ആദരണീയനും വിനീതനുമായെന്നും കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും നന്ദി അറിയിക്കുന്നുവെന്നും രജനികാന്ത് ട്വീറ്റ് ചെയ്‌തു.