മുംബൈ: നീലച്ചിത്ര നിർമാണ കേസില്‍ രാജ് കുന്ദ്ര ജാമ്യത്തില്‍ ഇറങ്ങി. തിങ്കളാഴ്‌ചയായിരുന്നു കേസിലെ പ്രധാന പ്രതിയായ, വ്യവസായി രാജ് കുന്ദ്രയ്‌ക്ക് മുംബൈ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ശേഷം ഇന്ന് രാവിലെ 11.30ഓടെ കുന്ദ്ര ആർതർ റോഡ് ജയിലിൽ നിന്നും പുറത്തിറങ്ങി.
ജൂലൈ 19നാണ് നീലച്ചിത്രനിർമാണ കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ, മുംബൈ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്‌തത്. രണ്ട് മാസം റിമാൻഡിലായിരുന്ന കുന്ദ്രയോട് 50,000 രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ്‌കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പ്പയ്ക്കും മുംബൈ കോടതി ജാമ്യം നല്‍കി.
More Read: നീലച്ചിത്ര നിര്‍മാണ കേസ് : രാജ് കുന്ദ്ര ഉൾപ്പടെ പ്രതികൾക്കെതിരെ 1500 പേജടങ്ങുന്ന അനുബന്ധ കുറ്റപത്രം
അതേ സമയം, നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ഇക്കഴിഞ്ഞ ബുധനാഴ്‌ച മുംബൈ ക്രൈം ബ്രാഞ്ചിന്‍റെ പ്രോപ്പർട്ടി സെൽ 1500ഓളം പേജ് വരുന്ന അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രത്തിൽ രാജ് കുന്ദ്രയ്‌ക്കെതിരെ ശിൽപ ഷെട്ടിയെ സാക്ഷിമൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.