മുംബൈ : രാജ് കുന്ദ്ര ഉൾപ്പെട്ട നീലച്ചിത്ര നിര്‍മാണ കേസിൽ മുംബൈ ക്രൈം ബ്രാഞ്ചിന്‍റെ പ്രോപ്പർട്ടി സെൽ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. 1500ഓളം പേജ് വരുന്ന കുറ്റപത്രം ബുധനാഴ്‌ചയാണ് മുംബൈയിലെ എസ്പ്ലനേഡ് കോടതിയില്‍ സമര്‍പ്പിച്ചത്.
വ്യവസായിയായ രാജ് കുന്ദ്രക്കെതിരെ, ഭാര്യയും നടിയുമായ ശിൽപ ഷെട്ടി ഉൾപ്പെടെയുള്ള 43 പേരുടെ സാക്ഷിമൊഴികളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിനേതാക്കളായ ഷെർലിൻ ചോപ്ര, സെജൽ ഷാ കുന്ദ്രയുടെ കമ്പനിയിലെ മോഡലുകള്‍, ജീവനക്കാര്‍ തുടങ്ങിയവരുടെ മൊഴികൾ ഉപകുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
More Read: നീലച്ചിത്ര നിര്‍മാണം : 2020 ലെ കേസില്‍ രാജ് കുന്ദ്രയ്ക്ക് ഇടക്കാല ആശ്വാസം
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, സിനിമയിലേക്ക് അവസരം തേടുന്ന യുവതികളെ നീലച്ചിത്ര നിര്‍മാണത്തിന് ഉപയോഗിച്ചെന്നും ഈ ദൃശ്യങ്ങള്‍ വിവിധ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും അപ് ലോഡ് ചെയ്‌ത് അനധികൃതമായി കോടികള്‍ സമ്പാദിച്ചെന്നും രാജ് കുന്ദ്രക്കെതിരെ കുറ്റപത്രത്തില്‍ പറയുന്നു.
ജൂലൈ 19നാണ് രാജ് കുന്ദ്രയെയും 11 കൂട്ടാളികളെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്‌തത്.