'അത്‌രംഗി രേ' സംവിധായകൻ ആനന്ദ് എൽ. റായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവായെന്ന് സംവിധായകൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യവകുപ്പിന്‍റെ നിർദേശപ്രകാരം സ്വയം ക്വാറന്‍റൈനിൽ പ്രവേശിച്ചതായും ആനന്ദ് എൽ.റായ് വ്യക്തമാക്കി. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്വാറന്‍റിനിൽ പോകാനും സംവിധായകൻ ട്വീറ്റിലൂടെ വ്യക്തമാക്കി.
സാറ അലി ഖാൻ, ധനുഷ്, അക്ഷയ് കുമാർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ആനന്ദ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിങ് ഡൽഹിയിലും ആഗ്രയിലുമായി ഈയിടെ പൂർത്തിയാക്കിയിരുന്നു. 2013ൽ ആനന്ദ് എൽ. റായ് സംവിധാനം ചെയ്‌ത രാഞ്ച്ന എന്ന ഹിന്ദി ചിത്രത്തിലും ധനുഷ് ആയിരുന്നു നായകൻ.