ലക്‌നൗ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ ബയോപിക് ഒരുങ്ങുന്നു. നിർമാതാവും സംവിധായകനുമായ സുഭാഷ് മാലികാണ് നരേന്ദ്രമോദിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി സിനിമ സംവിധാനം ചെയ്യുന്നത്. 'ഇന്ത്യ ഇൻ മൈ വെയിൻസ്' എന്ന ടൈറ്റിലിൽ ഒരുക്കുന്ന സിനിമയിൽ മോദിയെ അവതരിപ്പിക്കുന്നത് കാപ്റ്റൻ രാജ് മാത്തൂരാണ്.
കഴിഞ്ഞ 27 വർഷമായി സിനിമാരംഗത്ത് സജീവമായ സുഭാഷ് മാലിക് അയോധ്യയിലെ രാംലീല എന്ന സംഘടനയുടെ പ്രസിഡന്‍റ് കൂടിയാണ്. 2014 മുതൽ നരേന്ദ്രമോദി രാജ്യത്ത് നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളും ഭരണസംവിധാനങ്ങളുമാണ് ബയോപിക്കിൽ പ്രമേയമാകുന്നത്. അയോധ്യക്ക് പുറമെ, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലായും സിനിമ ചിത്രീകരിക്കും. നിലവിൽ ബയോപിക് പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണ്. മാർച്ച് 29ന് ഇന്ത്യ ഇൻ മൈ വെയിൻസ് ചിത്രീകരണം തുടങ്ങി ആറു മാസത്തിനകം തിയേറ്ററുകളിലെത്തിക്കാമെന്നാണ് സംവിധായകൻ പ്രതീക്ഷിക്കുന്നത്.
മഹാഭാരതത്തിലെ ദ്രോണാചാര്യനായി അഭിനയിച്ച സുരേന്ദ്ര പാൽ, റാസ മുരാദ്, വിന്ദു ദാര സിംഗ്, ഷഹബാസ് ഖാൻ, അസ്രാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മോദിയുടെ ബയോപിക് എല്ലാ ഭാരതീയരുടയും ദേശസ്നേഹം സ്ഭുരിക്കുന്ന ചിത്രമായിരിക്കുമെന്നാണ് സംവിധായകൻ സുഭാഷ് മാലിക് പറയുന്നത്.
മുമ്പ് 'പി.എം. നരേന്ദ്രമോദി' എന്ന ടൈറ്റിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് പുറത്തിറങ്ങിയിരുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആയിരുന്നു മോദിയുടെ കഥാപാത്രം അവതരിപ്പിച്ചത്.