ശബ്ദം കൊണ്ടും സംഗീതത്തിലെ വ്യത്യസ്തത കൊണ്ടും ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച പണ്ഡിറ്റ് ജസ്‌രാജ് വിടവാങ്ങി. ഹരിയാനയിലെ ഹിസാറിൽ മേവാതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന മോതി രാംജി ജസ്രാജിന്റെ മകനായി 1930ല്‍ ജനനം. അച്ഛനില്‍ നിന്ന് സംഗീത ബാലപാഠങ്ങള്‍ അഭ്യസിച്ചു. അച്ഛന്‍റെ മരണശേഷം ജ്യേഷ്ഠൻ മണിറാം, മഹാരാജാ ജയ്‌വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് എന്നിവരുടെ ശിഷ്യനായി. 1960ൽ ബഡേ ഗുലാം അലിഖാന്‍റെ ശിഷ്യനാകാനുള്ള സ്നേഹപൂർവ്വമായ ക്ഷണം അദ്ദേഹം നിരസിച്ചു.
മണിറാമിന്‍റെ തബല വാദകനായി കുറച്ച് കാലം തുടർന്നെങ്കിലും പക്കമേളക്കാരോടുള്ള അവഗണനയെ തുടർന്ന് സംഗീതത്തിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാൻ തീരുമാനിച്ചു. അപൂർവ്വ ശബ്ദത്തിനുടമയായ ജസ്‌രാജ് ബാബാ ശ്യാം മനോഹർ ഗോസ്വാമി മഹാരാജിന്‍റെ പക്കൽ നിന്ന് ഹവേലി സംഗീതത്തിലും ഗവേഷണം നടത്തി. സംഗീത രംഗത്ത് നിരവധി പുതിയ നവീനതകൾ പരീക്ഷിച്ച ജസ്‌രാജ് ജുഗൽബന്ദി സംഗീതത്തിന് പ്രത്യേക സംഭാവനകൾ നൽകി. ആൺ-പെൺ ഗായകർ ഒരേ സമയം രണ്ട് രാഗാലാപനം നടത്തുന്ന രീതിയിലുള്ള അദ്ദേഹത്തിന്‍റെ പരീക്ഷണങ്ങൾ ആസ്വാദകരെ ഏറെ ആകർഷിച്ചു. സംഗീതാരാധകർ ഇതിനെ ജസ്‌രംഗി എന്ന് വിളിച്ച് തുടങ്ങി. രത്തൻ മോഹൻ ശർമ, സഞ്ജയ് അഭയാങ്കർ, രമേഷ് നാരായൺ, സുമൻഘോഷ്, തൃപ്തി മുഖർജി, രാധാരാമൻ കീർത്തന തുടങ്ങി നീണ്ട ശിഷ്യ നിരയുണ്ട് ജസ്‌രാജിന്. അച്ഛന്‍റെ സ്മരണക്കായി പണ്ഡിറ്റ് മോത്തിറാം പണ്ഡിറ്റ് മണിറാം സംഗീത് സമാരോഹ് എന്ന പേരിൽ എല്ലാ വർഷവും സംഗീത പരിപാടികളും നടത്തിയിരുന്നു.