മുംബൈ: തന്‍റെ വീട്ടിൽ നടത്തിയ പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി എൻസിബിക്ക് നിർമാതാവും സംവിധായകനുമായ കരൺ ജോഹറിന്‍റെ മറുപടി. കരണിന്‍റെ വസതിയിൽ നടത്തിയ ആഘോഷ ചടങ്ങിൽ മയക്കുമരുന്ന് വിതരണം ചെയ്‌തുവെന്ന ആരോപണത്തിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അയച്ച കത്തിന് അഭിഭാഷകൻ മുഖേനയാണ് സംവിധായകൻ സത്യവാങ്മൂലം നൽകിയത്.
തന്നെയും കുടുംബത്തെയും സഹപ്രവർത്തകരെയും അപകീർത്തിപ്പെടുത്താനായാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നതെന്ന് കരൺ ജോഹർ പ്രതികരിച്ചു. കൂടാതെ, പാർട്ടിയിലെ ചില വീഡിയോ ദൃശ്യങ്ങളും അന്വേഷണ ഏജൻസിക്ക് മുമ്പാകെ സംവിധായകൻ പെൻഡ്രൈവിൽ ഹാജരാക്കിയെന്നും വൃത്തങ്ങൾ പറയുന്നു.
ബോളിവുഡ് താരങ്ങൾക്കായി കരൺ ജോഹർ നടത്തിയ പാർട്ടിയുടെ വീഡിയോയും അത് ചിത്രീകരിക്കാൻ ഉപയോഗിച്ച കാമറയും മൊബൈലും മറ്റും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് എൻസിബി നോട്ടീസ് അയച്ചത്. 2019 ജൂലൈ 28ന് നടത്തിയ പാർട്ടിയിൽ ദീപിക പദുക്കോൺ, രൺബീർ കപൂർ, ഷാഹിദ് കപൂർ, മലൈക അറോറ, അർജുൻ കപൂർ, വരുൺ ധവാൻ, സോയ അക്തർ, അയാൻ മുഖർജി തുടങ്ങിയ ബോളിവുഡ് താരങ്ങളാണ് പങ്കെടുത്തിരുന്നത്.