നിർഭയ കേസിനെ ആസ്‌പദമാക്കി തയ്യാറാക്കിയ ‘ഡല്‍ഹി ക്രൈമം’ മികച്ച ഡ്രാമ സീരീസിനുള്ള എമ്മി പുരസ്‌കാരം സ്വന്തമാക്കി. 48-ാമത് അന്താരാഷ്‌ട്ര എമ്മി അവാർഡിൽ മികച്ച ഡ്രാമ സീരീസായി തെരഞ്ഞെടുത്തതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ സീരീസ് കൂടിയാണിത്.
2012 ഡിസംബറിൽ രാജ്യതലസ്ഥാനത്ത് നടന്ന ബലാത്സംഗകേസിനെ അടിസ്ഥാനാമാക്കി ഇന്തോ-കനേഡിയന്‍ സംവിധായികയായ റിച്ചി മെഹ്ത്തയാണ് ഡല്‍ഹി ക്രൈം സംവിധാനം ചെയ്‌തത്. 2019 മാര്‍ച്ച് 22 മുതലാണ് സീരീസ് നെറ്റ്ഫ്ലിക്‌സിലൂടെ പ്രദർശിപ്പിച്ചത്.
രാജ്യത്തെ മുഴുവൻ ഞെട്ടിച്ച നിർഭയ കേസിനെ സെൻസിറ്റീവ് ആയി അവതരിപ്പിച്ചതിൽ ഡൽഹി ക്രൈം മികച്ച അഭിപ്രായം നേടിയിരുന്നു. ഷെഫാലി ഷാ, ആദില്‍ ഹുസൈന്‍, രസിക ധുഗാന്‍, രാജേഷ് തൈലാങ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡൽഹി പൊലീസ് ഡിസിപിയുടെ വേഷമായിരുന്നു ഷെഫാലി ഷാ ചെയ്‌തത്. ഗോള്‍ഡന്‍ കാരവനും ഇവാന്‍ഹോ പിക്ചേവ്‌സും ചേര്‍ന്നായിരുന്നു വെബ് സീരീസിന്‍റെ നിർമാണം.
എമ്മി അവാർഡ് പുരസ്‌കാരങ്ങളിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മറ്റ് രണ്ട് സീരീസുകൾ ആമസോൺ പ്രൈം വീഡിയോയുടെ ഫോർ മോർ ഷോട്ട്സ്, മേഡ് ഇൻ ഹെവൻ എന്നിവയാണ്.