ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് നെറ്റ്‌ഫ്ലിക്‌സ്. ലോക്ക് ഡൗണും കൊവിഡ് സാഹചര്യവും അതിന്‍റെ പാരമ്യത്തിലായിരുന്നപ്പോള്‍ സബ്‌സ്ക്രൈബേഴ്‌സിന്‍റെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. പലരും സംഘങ്ങളായി അക്കൗണ്ടുകള്‍ തുറന്ന് പാസ്‌വേര്‍ഡ് പങ്കുവെച്ചാണ് നെറ്റ്‌ഫ്ലിക്‌സ് അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത്. ഒരു അക്കൗണ്ട് തുറക്കുന്നതിന് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഈടാക്കുന്ന വലിയ തുകയാണ് ഇത്തരത്തില്‍ സംഘങ്ങളായി അക്കൗണ്ടുകള്‍ തുറക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. ഈ പ്രവണത വര്‍ധിച്ചതോടെ പാസ്‌വേര്‍ഡ് ഷെയറിങിന് തടയിടാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ നെറ്റ്‌ഫ്ലിക്‌സ്.
മറ്റൊരാളുടെ അക്കൗണ്ടില്‍ നെറ്റ്‌ഫ്ലിക്‌സില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇനി മുതല്‍ ഇങ്ങനെയൊരു സന്ദേശം കണ്ടേക്കാം. 'ഈ അക്കൗണ്ടിന്‍റെ ഉടമ നിങ്ങള്‍ അല്ലെങ്കില്‍, ഇനിയും നെറ്റ്‌ഫ്ലിക്‌സ് കാണാന്‍ നിങ്ങള്‍ക്ക് സ്വന്തമായി അക്കൗണ്ട് ആവശ്യമാണ്' നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് നെറ്റ്‌ഫ്ലിക്‌സ് പറയുന്നു. ഏതാനും അക്കൗണ്ടുകളില്‍ മാത്രമാണ് ഇപ്പോള്‍ മാറ്റമുള്ളത്. അംഗീകൃത അക്കൗണ്ടുകളില്‍ നിന്ന് മാത്രം അക്കൗണ്ട് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടിയാണിതെന്ന് നെറ്റ്‌ഫ്ലിക്‌സ് പറയുന്നു. ഘട്ടംഘട്ടമായി എല്ലാവരിലും പുതിയ സന്ദേശമെത്തും. ഉപയോക്താക്കള്‍ക്ക് സ്വന്തം അക്കൗണ്ടാണെന്ന് തെളിയിക്കാന്‍ മെയില്‍ വഴിയോ ടെക്സ്റ്റ് മെസേജായോ ഒരു കോഡ് ലഭിക്കും.
2017 ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം ലോകത്തെമ്പാടുമായി 109.25 ദശലക്ഷം വരിക്കാരാണ് നെറ്റ്‌ഫ്ലിക്‌സിനുള്ളത്. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ സജീവമായ കാലത്ത് വരിക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കായി നിരവധി സീരിസുകളും സിനിമകളുമാണ് നെറ്റ്‌ഫ്ലിക്‌സില്‍ ഇനി വരാന്‍ പോകുന്നത്. പതിമൂന്ന് സിനിമകളും 15 സീരിസുകളും അടക്കം 41 ടൈറ്റിലുകളാണ് നെറ്റ്ഫ്ലിക്‌സ് കഴിഞ്ഞയാഴ്ച്ച ഇന്ത്യയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.