നയൻതാരയെ നായികയാക്കി തമിഴിൽ പുറത്തിറങ്ങിയ 'കോലമാവ് കോകില'ക്ക് ബോളിവുഡ് പതിപ്പൊരുങ്ങുന്നു. സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്‍റെ അരങ്ങേറ്റ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ നയൻതാരയുടെ വേഷം ചെയ്യുന്നത് ബോളിവുഡ് നടി ജാന്‍വി കപൂറാണ്.
തമിഴ് പശ്ചാത്തലത്തിൽ തയ്യാറാക്കിയ കോലമാവ് കോകിലയെ ഉത്തരേന്ത്യന്‍ മധ്യവർഗ കുടുംബത്തിന്‍റെ അന്തരീക്ഷത്തിലേക്ക് മാറ്റി സിദ്ധാര്‍ത്ഥ സെന്‍ ഗുപ്തയാണ് ഹിന്ദിയില്‍ സിനിമ സംവിധാനം ചെയ്യുന്നത്.
ചിത്രത്തിനായി ജാൻവി കപൂർ പഞ്ചാബിലെത്തിയതായും ഏതാനും ആക്ഷന്‍ രംഗങ്ങള്‍ക്കു വേണ്ടി താരം തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. 45 ദിവസത്തെ ഷെഡ്യൂളാണ് ചിത്രത്തിനായി തീരുമാനിച്ചിട്ടുള്ളതെന്നും പറയുന്നുണ്ട്. അമ്മയുടെ ചികിത്സക്കായി പെട്ടെന്ന് പണം സമ്പാദിക്കാനായി കോകില മയക്കുമരുന്ന് മാഫിയക്കൊപ്പം ചേരുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 2018ൽ റിലീസ് ചെയ്‌ത കോലമാവ് കോകിലയിൽ വിവരിച്ചത്. നയൻതാരക്കൊപ്പം യോഗി ബാബു, ശരണ്യ എന്നിവരും ചിത്രത്തിൽ മുഖ്യതാരങ്ങളായിരുന്നു.
ഗുഞ്ചന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേള്‍ എന്ന ബയോപിക് ചിത്രത്തിന് ശേഷം ജാൻവി കപൂറിന്‍റേതായി പുതിയതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ റൂഹി അഫ്‌സാന, ദോസ്താന 2 എന്നിവയാണ്.