നടിയും മോഡലുമായ പായല്‍ ഘോഷിന്‍റെ പരാതിയില്‍ സംവിധായകനും നടനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരെ മുംബൈ വെര്‍സോവ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് നടി പായല്‍ ഘോഷ് കശ്യപിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ലൈംഗികാരോപണം നടത്തിയത്. കശ്യപിന്‍റെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പായല്‍ ഘോഷിന്‍റെ ആരോപണം. ചൊവ്വാഴ്ച വൈകിട്ടാണ് അഭിഭാഷകൻ നിതിൻ സത്പുട്ടിനൊപ്പം മുംബൈയിലെ വെർസേവ പൊലീസ് സ്റ്റേഷനിലെത്തി നടി പരാതി നൽകിയത്.
ഒഷിവാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനാണ് തീരുമാനിച്ചിരുന്നതെന്നും വനിതാ പൊലീസ് ഇല്ലാത്തതിനാൽ അവസാനം വെർസോവ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നും നടിയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. 2013ല്‍ വെര്‍സോവയില്‍ വെച്ച് കശ്യപ് ബലാത്സംഗം ചെയ്തെന്നാണ് പായല്‍ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കശ്യപിനെ ചോദ്യം ചെയ്യും. ബലാത്സംഗം, തെറ്റായ സമീപനം, ന്യായവിരുദ്ധമായ തടങ്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കശ്യപിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി നിതിൻ സത്പുട്ട് ട്വീറ്റ് ചെയ്തു. കശ്യപിനെതിരെ നടപടയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്താണ് നടി പായല്‍ ഘോഷ് ട്വീറ്റ് ചെയ്തത്. എന്നാല്‍ നടിയുടെ ആരോപണം അനുരാഗ് കശ്യപ് പൂര്‍ണമായും നിഷേധിച്ചു. കൂടാതെ ബോളിവുഡ് രംഗത്തുള്ള നിരവധി പ്രമുഖര്‍ അനുരാഗ് കശ്യപിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.