ഈ വർഷത്തെ ആദ്യ പത്ത് ജനപ്രിയ ഇന്ത്യൻ ചലച്ചിത്രങ്ങളുടെയും വെബ് സീരീസുകളുടെയും പട്ടിക പുറത്തിറക്കി ഐഎംഡിബി. 2021 ജനുവരി 1- 2021 ജൂൺ 3 കാലയളവിൽ റിലീസിനെത്തിയ സിനിമകളെയും വെബ് സീരീസുകളെയുമാണ് ലോകത്തെ പ്രമുഖ വെബ്സൈറ്റായ ഐഎംഡിബിയുടെ ജനപ്രിയ പരിപാടികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദളപതി വിജയ്‌യുടെ മാസ്റ്റർ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ മലയാളചിത്രം ദൃശ്യം 2 പട്ടികയിൽ നാലാമനായി ഇടംപിടിച്ചു. ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പത്താം സ്ഥാനം സ്വന്തമാക്കി. ധനുഷ്- മാരി സെൽവരാജ് ചിത്രം കർണനും ഐഎംഡിബി പട്ടികയിൽ ആറാമതായി ഇടംനേടി. മഹാറാണി, നവംബർ സ്റ്റോറി പോലുള്ള വെബ് സീരീസുകൾ ആദ്യ പത്തിലെത്തിയപ്പോൾ, ഈ വർഷം പുറത്തിറങ്ങിയ ഒരു ബോളിവുഡ് ചിത്രത്തിന് പോലും പട്ടികയിൽ കയറിക്കൂടാനായില്ല എന്നതും ശ്രദ്ധേയമാണ്.
ഐഎംഡിബി പട്ടികയിൽ ആദ്യ പത്തിലുള്ള ജനപ്രിയ ചിത്രങ്ങളും സീരീസുകളും
1. മാസ്റ്റർ
വിജയ്‌യും വിജയ് സേതുപതിയും ആദ്യമായി തിരശ്ശീലയിൽ ഒന്നിച്ചെത്തിയ മാസ്റ്റർ. കൈതി ചിത്രത്തിലൂടെ പ്രശസ്‌തനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ചിത്രം കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ആദ്യ പ്രമുഖ ചിത്രം കൂടിയായിരുന്നു. കേരളത്തിൽ തിയേറ്ററുകൾ തുറന്ന ശേഷം ആദ്യം പ്രദർശിപ്പിച്ച ചിത്രവും മാസ്റ്ററായിരുന്നു.
2. ആസ്‌പിറന്‍റ്‌സ്
നവീൻ കസ്തൂരിയ, സണ്ണി ഹിന്ദുജ എന്നിവർ അഭിനയിച്ച ടിവി സീരീസ്. അടുത്ത സുഹൃത്തുക്കളായ മൂന്ന് യുപിഎസ്‌സി ഉദ്യോഗാർഥികളുടെ കഥയാണ് സീരീസ് വിവരിച്ചത്.
Also Read: ഐഎംഡിബി റേറ്റിങ്; ആദ്യ പത്തില്‍ 'ദൃശ്യം 2'
3. ദി വൈറ്റ് ടൈഗർ
നെറ്റ്‌ഫ്ലിക്‌സിൽ റിലീസിനെത്തിയ ദി വൈറ്റ് ടൈഗറിൽ പ്രിയങ്ക ചോപ്ര, ആദർശ് ഗൗരവ്, രാജ്കുമാർ റാവു എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ബാഫ്റ്റ പുരസ്‌കാരത്തിലേക്ക് വരെ ദി വൈറ്റ് ടൈഗർ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
4. ദൃശ്യം 2
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ഫാമിലി ത്രില്ലർ ചിത്രം ആമസോൺ പ്രൈമം വീഡിയോയിലൂടെയാണ് പുറത്തിറങ്ങിയത്. ദൃശ്യം എന്ന ബോക്സ് ഓഫിസ് ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ അവതരണവും തിരക്കഥയും ഗംഭീരപ്രശംസയും നേടിയിരുന്നു.
5. നവംബർ സ്റ്റോറി
തമന്ന കേന്ദ്രകഥാപാത്രമായ നവംബർ സ്റ്റോറി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശനത്തിനെത്തിയത്. അനുരാധ എന്ന കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിച്ചത്. ക്രൈം നോവലിസ്റ്റായ തന്‍റെ അച്ഛനെ അൽഷിമേഴ്‌സ് രോഗം ബാധിക്കുന്നതും ഒരു കൊലപാതകരംഗത്ത് അദ്ദേഹം വന്നുപെട്ടതുമാണ് നവംബർ സ്റ്റോറിയുടെ ഇതിവൃത്തം.
6. കർണൻ
പരിയേറും പെരുമാൾ ചിത്രത്തിന് ശേഷം അതേ നാണയത്തിൽ സാമൂഹിക അസമത്വവും മാനുഷിക അവകാശവും പ്രമേയമാക്കി ഒരുക്കിയ മാരി സെൽവരാജ് ചിത്രം. ധനുഷ്, ലാൽ, യോഗി ബാബു, രജിഷ വിജയൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. തിയേറ്റർ റിലീസിന് ശേഷം ആമസോൺ പ്രൈമം വീഡിയോയിലൂടെയും കർണൻ പ്രദർശിപ്പിച്ചു.
7. വക്കീൽ സാബ്
തിയേറ്ററുകളിലെ ആവേശകരമായ പ്രദർശനത്തിന് ശേഷം ആമസോൺ പ്രൈമം വീഡിയോയിൽ റിലീസ് ചെയ്‌ത തെലുങ്ക് ചിത്രം. പവൻ കല്യാൺ നായകനായ വക്കീൽ സാബ് അമിതാഭ് ബച്ചന്‍റെ പിങ്ക് എന്ന ബോളിവുഡ് സിനിമയുടെ റീമേക്കായിരുന്നു. നിവേദ തോമസ്, അഞ്ജലി, പ്രകാശ് രാജ്, ശ്രുതി ഹസൻ എന്നിവരായിരുന്നു മറ്റ് പ്രധാന താരങ്ങൾ.
Also Read: ഐഎംഡിബി റേറ്റിങ്ങിൽ മൂന്നാമതായി സൂരരൈ പോട്ര്
8. മഹാറാണി
ഹുമ ഖുറേഷി ടൈറ്റിൽ റോളിലെത്തിയ മഹാറാണി എന്ന ടിവി സീരീസ് സോണി ലൈവിലൂടെയാണ് പ്രദർശനത്തിനെത്തിയത്. റാണി ഭാരതി എന്ന വീട്ടമ്മ മുഖ്യമന്ത്രിയാകുന്നതാണ് ഇതിവൃത്തം. പുരുഷാധിപത്യത്തിനെതിരെയുള്ള പോരാട്ടം കൂടിയായിരുന്നു പൊളിറ്റിക്കൽ സീരീസാക്കി ഒരുക്കിയ മഹാറാണി.
9. ക്രാക്ക്
രവി തേജ- ഗോപിചന്ദ് കൂട്ടുകെട്ടിൽ നിർമിച്ച തെലുങ്ക് ചിത്രമാണ് ക്രാക്ക്. സമുദ്രക്കനി അവതരിപ്പിച്ച ഗാങ്സ്റ്ററിനെതിരെ പോരിടുന്ന പൊലീസ് ഓഫിസറിന്‍റെ വേഷമായിരുന്നു ചിത്രത്തിൽ രവി തേജയുടേത്.
10. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ
പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടിയ മലയാള ചിത്രം. നീ സ്‌ട്രീമിലൂടെ ആദ്യം റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണവും പ്രശംസയും നേടിയതോടെ പിന്നീട് ആമസോണിലും പ്രദർശിപ്പിച്ചു. ഇനിയും മാറാത്ത 21-ാം നൂറ്റാണ്ടിലെ അടുക്കളയിലേക്കുള്ള നേർക്കാഴ്‌ചയായിരുന്നു മഹത്തായ ഭാരതീയ അടുക്കള. ആണിന്‍റെ ആധിപത്യത്തിന് മേൽ അഴുക്കുവെള്ളം കോരിയൊഴിച്ചുകൊണ്ടാണ് സിനിമ പ്രതികരിച്ചത്. ജിയോ ബേബി സംവിധാനം ചെയ്‌ത ചിത്രത്തിൽ നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരായിരുന്നു പ്രധാന താരങ്ങൾ.