2008ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിത കഥ പറയുന്ന സിനിമ 'മേജറി'ന്‍റെ ടീസര്‍ പുറത്ത്. നടന്‍ പൃഥ്വിരാജാണ് സിനിമയുടെ മലയാളം ടീസര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. യുവതാരമായ അദ്‌വി ശേഷാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ചിരിക്കുന്നത്. സിനിമ ജൂലൈ 2ന് തിയേറ്ററുകളിലെത്തും. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍എസ്‌ജി കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയാണ് സന്ദീപ് വെടിയേറ്റ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. സന്ദീപിന്‍റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര സമ്മാനിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="">
നടന്‍ മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും സോണി പിക്ചേഴ്‌സ് ഇന്‍റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം റിലീസ് ചെയ്യുക. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മേജറിലെ മറ്റ് താരങ്ങള്‍. സന്ദീപ് ഉണ്ണികൃഷ്ണനായുള്ള അദ്‌വി ശേഷിന്‍റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്ററും ശ്രദ്ധനേടിയിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ചരമവാര്‍ഷിക ദിനത്തില്‍ മേജര്‍ ബിഗിന്‍സ് എന്ന പേരില്‍ സിനിമയിലെ പിന്നണി പ്രവര്‍ത്തനങ്ങളും സന്ദീപ് ഉണ്ണികൃഷ്ണന്‍റെ മാതാപിതാക്കളുമായുള്ള അണിയപ്രവര്‍ത്തകരുടെ കൂടിക്കാഴ്ചകളും എല്ലാം ഉള്‍പ്പെടുത്തി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു.