ആള്‍ദൈവം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഓഷോ രജനീഷിന്‍റെ അനുയായിയായിരുന്ന മാ ആനന്ദ് ഷീലയുടെ കഥ പറയുന്ന നെറ്റ്‌ഫ്ലിക്‌സ് സിനിമ 'സെര്‍ച്ചിങ് ഫോര്‍ ഷീല'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കരൺ ജോഹർ നിർമിച്ച സിനിമ ഷകുൻ ബത്രയാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. കരണ്‍ ജോഹര്‍ ഷീലയെ അഭിമുഖം ചെയ്യുന്നതിന്‍റെ ഭാഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത്. ആസ്വദകര്‍ കാത്തിരുന്ന ഡോക്യുമെന്‍ററിയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏപ്രില്‍ 22ന് നെറ്റ്‌ഫ്‌ളിക്സില്‍ ഡോക്യു സിനിമ സ്ട്രീം ചെയ്‌ത് തുടങ്ങും.
സംഭവബഹുലമാണ് ഓഷോ രജനീഷ് എന്ന ആൾദൈവത്തിന്‍റെ ജീവിതകഥ. ലൈംഗികതയിലൂടെ ആത്മീയ മോക്ഷം നേടാമെന്നുള്ള സങ്കല്‍പത്തിന് ഇന്ത്യയിലും പുറത്തും ധാരാളം ആരാധകർ ഉണ്ടായിരുന്നു. 1974ൽ പൂനെയിൽ തുടങ്ങിയ ആശ്രമത്തിൽ ഭൂരിപക്ഷവും വിദേശികൾ തന്നെയായിരുന്നു. കണക്കില്ലാത്ത പൈസയുടെ വരവും, ടാക്‌സ് വെട്ടിപ്പ് കേസുകളും ഒക്കെയായി നാട്ടിൽ നിൽക്കക്കള്ളി ഇല്ലാതെയായതോടെ 1980 ആയപ്പോഴേക്ക് രജനീഷും സംഘവും ഇന്ത്യ വിട്ടു. അമേരിക്കയിലെ ഒറിഗോൺ എന്ന സ്റ്റേറ്റിൽ 64000 ഏക്കർ ഭൂമി രജനീഷ് ടീം വാങ്ങികൂട്ടിയിരുന്നു. മാ ഷീലാ ആനന്ദ് എന്ന രജനീഷിന്‍റെ പേഴ്‌സണൽ സെക്രട്ടറിയാണ് ഒറിഗോണിൽ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ഒന്ന് രണ്ട് വർഷങ്ങൾക്കുള്ളിൽ ആ സ്ഥലം രജനീഷ്‌പുരം എന്നൊരു സിറ്റിയാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
സ്വന്തമായി മേയർ, രജനീഷി പൊലീസ് എന്ന പേരിൽ ഫോഴ്‌സ്, എയർപോർട്ട്, തുടങ്ങി എല്ലാവിധ സന്നാഹങ്ങളും അടങ്ങിയ ഒരു വെൽമേഡ് സിറ്റിയായിരുന്നു അത്. നാളുകള്‍ക്ക് ശേഷം ലോകത്തിന്റെ പല ഭാഗത്ത് നിന്ന് വന്ന് താമസിക്കുന്ന രജനീഷി സന്യാസികൾ അവിടെയുള്ള നാട്ടുകാർക്ക് ശല്യമായി മാറിതുടങ്ങി. പിന്നീട് തെരഞ്ഞെടുപ്പില്‍ രജനീഷി സ്ഥാനാര്‍ഥിയും ഉണ്ടായി. സ്ഥാനാര്‍ഥി ജയിക്കാൻ വേണ്ടി മാ ഷീല ആനന്ദ് ഒരു പുതിയ തന്ത്രം പയറ്റി. അമേരിക്കയിലെ വീടില്ലാത്ത അല്ലെങ്കില്‍ ഉപേക്ഷിക്കപ്പെട്ട ആളുകളെ മുഴുവൻ സൗജന്യ താമസവും ഭക്ഷണവും വാഗ്ദാനം കൊടുത്ത് രജനീഷ്‌പുരത്തേക്ക് കൊണ്ടുവന്നശേഷം അവരെ തെരഞ്ഞെടുപ്പിന് രജിസ്റ്റർ ചെയ്യിപ്പിക്കുക എന്നതാണ് പ്ലാൻ. ആ പ്ലാൻ ഉദ്ദേശിച്ച രീതിയിൽ നടപ്പിലാകാതെ വന്നപ്പോള്‍ ബയോടെറർ അറ്റാക്ക് നടത്താന്‍ അവര്‍ തീരുമാനിച്ചു. തദ്ദേശവാസികളുടെ ഭക്ഷണത്തിൽ സാൽമണല്ല വൈറസ് കലർത്തുക എന്നതായിരുന്നു ആ പദ്ധതി. അങ്ങനെ 750ല്‍ അധികം ആളുകൾ ആശുപത്രിയിലായി. ആ സംഭവത്തിന് ശേഷം ആശ്രമത്തിനകത്ത് തന്നെ ചേരി തിരിവുകൾ ഉണ്ടായി. ഇതോടെ ഷീല ആനന്ദിന്‍റെ നേതൃത്വത്തിൽ പഴയ ആളുകൾ ഒരു സംഘടന ഉണ്ടാക്കുകയും കൊലപാതകങ്ങള്‍ നടത്താന്‍ ചിന്തിക്കുന്നത് വരെ കാര്യങ്ങൾ എത്തുകയും ചെയ്യുന്നു. പിന്നീട് കോടിക്കണക്കിന് ഡോളറുമായി ഷീലാ ആനന്ദും സംഘവും ജർമനിയിലേക്ക് നാടുവിട്ടു. തുടർന്ന് എഫ്ബിഐ അന്വേഷണവും മറ്റും വരികയും രജനീഷിനെ അറസ്റ്റ് ചെയ്‌ത് ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്‌തു. അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ പിടിയിലായ ഷീല ആനന്ദ് എട്ട് വര്‍ഷത്തോളം ജയിലില്‍ അടക്കപ്പെട്ടു. പിന്നീട് പുറത്തിറങ്ങിയ അവര്‍ സ്വിറ്റ്സര്‍ലാന്‍റിലേക്ക് പോയി അവിടെ താമസം ആരംഭിച്ചു.