ആസിഡാക്രമണം നേരിട്ട ലക്ഷ്‌മി അഗര്‍വാളിന്‍റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന 'ചപക്' ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ലക്ഷ്‌മിയുടെ ജീവിതം മാലതി എന്ന കഥാപാത്രത്തിലൂടെ ബോളിവുഡ് നായിക ദീപിക പദുകോണാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
വിക്രാന്ത് മസെയാണ് ചപക്കിലെ നായക വേഷം ചെയ്യുന്നത്. ട്രെയിലറില്‍ ലക്ഷ്‌മി അഗര്‍വാളിന്‍റെ അതേ പകര്‍പ്പിലാണ് ദീപിക പദുകോണും എത്തുന്നത്. ഒപ്പം, ആസിഡാക്രമണത്തിനിരയായ പെൺക്കുട്ടി അനുഭവിക്കുന്ന പ്രശ്‌നങ്ങളും നിയമപോരാട്ടങ്ങളും ട്രെയിലറിലും സൂചിപ്പിക്കുന്നുണ്ട്. താൻ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽവച്ച് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയതായിരുന്നു മാലതി എന്നാണ് ദീപിക പറഞ്ഞത്.
- " class="align-text-top noRightClick twitterSection" data="">
2005 ഏപ്രിലിലാണ് ലക്ഷ്‌മിക്ക് നേരെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ ഒരു യുവാവ് ആസിഡ് പ്രയോഗിച്ചത്. ആസിഡാക്രമണം നടത്തിയ ആള്‍ക്കെതിരെ ലക്ഷ്‌മി അഗര്‍വാൾ നാലു വര്‍ഷത്തോളം നിയമ പോരാട്ടം നടത്തിയിരുന്നു. കൂടാതെ, രാജ്യത്തെ ആസിഡ് വില്‍പന നിര്‍ത്തലാക്കുവാനായി 'സ്റ്റോപ് സേല്‍ ആസിഡ്' എന്ന ക്യാമ്പയിനും തുടക്കം കുറിച്ചിട്ടുണ്ട് ഇവർ.
ചപക്കിൽ പൊള്ളലേറ്റ മുഖത്തിലുള്ള ദീപികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അടുത്ത വർഷം ജനുവരി 10ന് ചിത്രം തിയേറ്ററുകളിലെത്തും.