മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്‍റെ ഓഫീസ് കെട്ടിടം ബൃഹൻ മുംബൈ മുനിസിപ്പൽ കോര്‍പ്പറേഷന്‍ പൊളിച്ച സംഭവത്തില്‍ കങ്കണയ്ക്ക് അനുകൂലമായ വിധിയുമായി ബോംബെ ഹൈക്കോടതി. മുംബൈ കോര്‍പ്പറേഷന്‍റേത് പ്രതികാര നടപടിയാണെന്ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. നടി നല്‍കിയ ഹര്‍ജിയിലുള്ള വിധി മഹാരാഷ്ട്ര സര്‍ക്കാരിനും കനത്ത തിരിച്ചടിയായി. സംഭവത്തില്‍ ബിഎംസിക്ക് കോടതി നോട്ടീസ് നല്‍കി. എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കാന്‍ കോടതി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. 2021 മാര്‍ച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബറിലാണ് മുംബൈ പാലിയിലെ കങ്കണയുടെ ബംഗ്ലാവിന്‍റെ ഒരു ഭാഗം മുംബൈ കോര്‍പറേഷന്‍ പൊളിച്ച് നീക്കിയത്. ഓഫീസ് കെട്ടിടത്തില്‍ അനുമതിയില്ലാതെ മാറ്റങ്ങള്‍ വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിഎംസിയുടെ നടപടി. മഹാരാഷ്ട്ര സര്‍ക്കാരിനും ശിവസേനയ്‌ക്കുമെതിരെ കങ്കണ നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ബിഎംസിയുടെ നടപടി. എന്നാല്‍ അനധികൃതമായി നിര്‍മിച്ച ഭാഗമാണ് പൊളിച്ച് നീക്കിയതെന്നാണ് മുംബൈ കോര്‍പ്പറേഷന്‍ വാദിച്ചത്.
അതേസമയം പരസ്യ പ്രസ്താവനകള്‍ അംഗീകരിക്കുന്നില്ലെന്നും പൊതുവേദികളില്‍ സംയമനം പാലിക്കാനും ജാഗ്രതവേണമെന്നും കങ്കണയോട് കോടതി പറഞ്ഞു. നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് ഇത്തരത്തില്‍ നടപടിയെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണത്തെ തുടര്‍ന്ന് കങ്കണ മുംബൈ പൊലീസിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങൾ രൂക്ഷമായത്. കൂടാതെ മുംബൈയിലെ ജീവിതം സുരക്ഷിതമല്ലെന്നും മുംബൈ പാക് അധിനിവേശ കശ്‌മീര്‍ പോലെയാണെന്നും കങ്കണ ആരോപിച്ചിരുന്നു. സുരക്ഷിതമല്ലെങ്കില്‍ മുംബൈയിൽ ജീവിക്കേണ്ടതില്ലെന്ന് ശിവസേന നേതാവ് സജ്ഞയ് റാവത്ത് അന്ന് തുറന്നടിച്ചിരുന്നു.