ബോളിവുഡിലെ പ്രമുഖ വ്യക്തികളിൽ നിന്ന് തനിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി കങ്കണാ റണാവത്ത്. നടന്‍ ഹൃത്വിക് റോഷനെതിരെയുള്ള നിയമ പോരാട്ടങ്ങള്‍ക്കിടെ തനിക്ക് നേരിടേണ്ടി വന്ന ഭീഷണികളും അതിനെതിരെ ഒറ്റക്ക് പോരാടിയതും നടി വ്യക്തമാക്കി. സമാനമായ അവസ്ഥകളിലൂടെ നടൻ സുശാന്ത് സിംഗ് രജ്‌പുത്തും കടന്നുപോയിരിക്കാം എന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു. ഗാനരചയിതാവ് ജാവേദ് അക്തർ തന്നെ വീട്ടിലേക്ക് വിളിപ്പിച്ചതും ഹൃത്വിക് റോഷനോട് ക്ഷമ ചോദിക്കാൻ ആവശ്യപ്പെട്ടതുമായ അനുഭവമാണ് ബോളിവുഡ് നടി വെളിപ്പെടുത്തിയത്.
- " class="align-text-top noRightClick twitterSection" data="
">
"രാകേഷ് റോഷനും കുടുംബവും വളരെ വലിയ ആളുകളാണ്. നിങ്ങൾ അവരോട് ക്ഷമ ചോദിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് പോകാൻ ഒരിടവുമില്ലാതാകും. അവർ നിങ്ങളെ ജയിലിലാക്കും. വിനാശമായിരിക്കും ഫലം, ആത്മഹത്യ ചെയ്യേണ്ടിവരും എന്ന് അദ്ദേഹം പറഞ്ഞു. ഹൃത്വിക് റോഷനോട് ക്ഷമ ചോദിക്കുന്നില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം ചിന്തിച്ചത് എന്തുകൊണ്ടാണ്? അലറി വിളിച്ചാണ് ജാവേദ് അക്തർ അത് പറഞ്ഞത്, ഞാൻ ആ വീട്ടിൽ ശരിക്കും പേടിച്ചിരുന്നുപോയി." സമാനമായ അനുഭവങ്ങൾ സുശാന്തിനും ഉണ്ടായിട്ടുണ്ട്. സുശാന്തിനോടും ഈ രീതിയിൽ സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. സ്വജനപക്ഷപാതത്തിനും കഴിവിനും ഒരുമിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് സുശാന്ത് സിംഗ് പല തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ടെന്നും കങ്കണ വീഡിയോയിൽ വിശദീകരിച്ചു.
സുശാന്തിന് ആദിത്യ ചോപ്രയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നത് പോലെ തനിക്കും ഭീഷണികൾ ഉണ്ടായിരുന്നു. തന്നെക്കൊണ്ട് സിനിമ ചെയ്യിക്കില്ലെന്ന് ആദിത്യ ചോപ്ര ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നും കങ്കണ ആരോപിച്ചു. സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ തന്‍റെ സ്വകാര്യ ജീവിതം തകര്‍ത്തെന്നും ഒറ്റപ്പെടുത്തിയിരുന്നു എന്നും കങ്കണ വീഡിയോയിലൂടെ വിവരിച്ചു. "ഒരു വ്യക്തിക്ക് നേരെ മാനസികവും വൈകാരികവുമായ കൈയേറ്റങ്ങൾ പരസ്യമായി സംഭവിക്കുമ്പോൾ, അത് നിശബ്ദമായി കണ്ടു നിൽക്കുന്ന നാമെല്ലാവരും കുറ്റക്കാരാണ്. സിസ്റ്റത്തെ കുറ്റപ്പെടുത്തുന്നത് പര്യാപ്തമാണോ? എന്നെങ്കിലും മാറ്റം സംഭവിക്കുമോ? പുറത്തുനിന്നുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിൽ ഒരു വലിയ മാറ്റം കാണാൻ സാധിക്കുമോ?" എന്ന് വീഡോയോ പങ്കുവെച്ചു കൊണ്ട് കങ്കണ കുറിച്ചു. കങ്കണയ്ക്ക് പുറമെ ഗായകൻ സോനു നിഗം, സംവിധായകൻ ശേഖർ കപൂർ, വിവേക് ഒബ്‌റോയ് തുടങ്ങിയവരും ബോളിവുഡിലെ പ്രശ്‌നങ്ങളെ തുറന്നുകാട്ടി രംഗത്തെത്തിയിരുന്നു.