മുംബൈ: കൊവിഡ് അതിരൂക്ഷമാകുകയും ആശുപത്രികളിൽ ചികിത്സക്കായി ഓക്സിജന്‍റെ ആവശ്യം വർധിക്കുകയും ചെയ്യുന്ന അന്തരീക്ഷത്തിൽ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കണമെന്ന നിർദേശവുമായി വീണ്ടും ബോളിവുഡ് നടി കങ്കണ റണൗട്ട്. ഇപ്പോൾ, ഓക്സിജൻ ഉപയോഗിക്കുന്ന ആളുകൾ വായു ഗുണനിലവാരം ഉയർത്തുന്നതിനായി മരങ്ങൾ നട്ടുവളർത്താമെന്ന് പ്രതിജ്ഞയെടുക്കണമെന്നാണ് കങ്കണ ട്വീറ്റിൽ പറയുന്നത്.
"മനുഷ്യർക്ക് സർക്കാർ കൂടുതൽ ഓക്സിജൻ വിതരണം ചെയ്യുന്നതിനൊപ്പം പ്രകൃതിക്കും ആശ്വാസം പ്രഖ്യാപിക്കണം. ഈ ഓക്സിജൻ ഉപയോഗിക്കുന്നവർ വായു ഗുണനിലവാരം ഉയർത്തുന്നതിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കണം. എത്ര നാൾ നമ്മൾ മോശമായ കീടങ്ങളായി മാറും, ഒരിക്കലും പ്രകൃതിക്ക് തിരിച്ചു നൽകുന്നില്ലേ?," കങ്കണ ട്വിറ്ററിൽ കുറിച്ചു. എല്ലാവരും കൂടുതൽ കൂടുതൽ ഓക്സിജൻ പ്ലാന്‍റുകൾ നിർമിക്കുന്നതിലൂടെ ടൺ കണക്കിന് ഓക്സിജൻ സിലിണ്ടറുകൾ ലഭിക്കുന്നു. പരിസ്ഥിതിയിൽ നിന്ന് നമ്മൾ നിർബന്ധിതമായി എടുക്കുന്ന എല്ലാ ഓക്സിജനും എങ്ങനെ നഷ്ടപരിഹാരം നൽകുമെന്നും താരം ട്വിറ്ററിൽ പറഞ്ഞു. നമ്മളുടെ തെറ്റുകളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ഒന്നും പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. മരങ്ങൾ നട്ടുവളർത്തൂ എന്നും നടി നിർദേശിച്ചു.
Also Read: നടിമാരെ തരംതാഴ്ത്തി കാണുന്ന സ്ഥിതി സിനിമാ മേഖലയിലുണ്ടെന്ന് കങ്കണ റണൗട്ട്
മറ്റേതെങ്കിലും ജീവൻ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായാൽ അത് മണ്ണിന്‍റെ ഫലഭൂയിഷ്ഠതയെയും ഭൂമിയുടെ ആരോഗ്യത്തെയും ബാധിക്കും, എന്നാൽ മനുഷ്യന്‍റെ അഭാവം ഒരിക്കലും ഭൂമിക്ക് ദോഷകരമാവില്ലെന്നും കങ്കണ റണൗട്ട് ട്വിറ്ററിൽ കൂട്ടിച്ചേർത്തു.
ഓക്സിജൻ പ്ലാന്‍റുകൾ നിർമിച്ച് അവ ഉപയോഗിക്കുന്ന ആളുകൾ പരിസ്ഥിതിയെ സംരക്ഷിക്കാൻ പ്രതിജ്ഞ എടുക്കണമെന്ന കങ്കണയുടെ ട്വീറ്റിനെ വിമർശിച്ച് നിരവധി പേർ പ്രതികരിച്ചിട്ടുണ്ട്. മരങ്ങളിൽ നിന്നല്ല ഭൂമിയിലെ 90 ശതമാനം ഓക്സിജനും സമുദ്രത്തിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നതെന്നും സസ്യങ്ങൾ പുറത്തുവിടുന്ന ഓക്സിജൻ അന്തരീക്ഷത്തെ ശുദ്ധമാക്കുകയാണ് ചെയ്യുന്നതെന്നും നടിയുടെ ട്വീറ്റിന് ചിലർ മറുപടി കുറിച്ചു.