കലാലോകത്തിന് ഒട്ടനവധി സംഭാവനകള്‍ നല്‍കിയ സംഗീത ഇതിഹാസമായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം. അദ്ദേഹത്തിന്‍റെ വിയോഗം വലിയൊരു വിടവാണ് കലാരംഗത്ത് സൃഷ്ടിച്ചിരിക്കുന്നത്. എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന പുരസ്കാരം നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. എസ്പിബിയുടെ വിയോഗം ഇന്ത്യയിലെ ആരാധകർക്കും സംഗീതപ്രേമികൾക്കും മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് വലിയ നഷ്ടമാണെന്നും ജഗൻമോഹൻ കത്തിൽ കുറിച്ചിരുന്നു. 'നേരത്തെ ലതാ മങ്കേഷ്കര്‍, ഭൂപന്‍ ഹസാരിക, എം.എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാന്‍, ഭീമന്‍ ജോഷി എന്നീ സംഗീതജ്ഞരെ സര്‍ക്കാര്‍ ഭാരത് രത്ന നല്‍കി ആദരിച്ചിട്ടുണ്ട്. ഇതിഹാസ ഗായകന് സംഗീത രംഗത്ത് മാത്രമല്ല, കലാ രംഗത്തൊട്ടാകെയുള്ള സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തില്‍ ഭാരത് രത്ന നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ സൃഷ്ടിയുടെ ഏറ്റവും ഉയര്‍ന്ന അംഗീകാരമാണിത്' എന്നാണ് ജഗന്‍ കത്തില്‍ എഴുതിയിരുന്നത്.
ഇപ്പോള്‍ എസ്‌പിബിക്ക് ഭാരതരത്ന നല്‍കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ കാമ്പയിന്‍ നടക്കുകയാണ്. നിരവധി പേര്‍ ഇതിനോടകം കാമ്പയിനില്‍ പങ്കാളികളാവുകയും ചെയ്തു. നടന്‍ കമല്‍ഹാസനും പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കമല്‍ ഹാസന്‍ എസ്‌പിബിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ്. സെപ്റ്റംബർ 25ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ വച്ചായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ അന്ത്യം. അമ്പതുവർഷത്തോളം നീണ്ട സംഗീത ജീവിതം ലോക സംഗീത മേഖലയിൽ തന്നെ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ എസ്.പി.ബി ആലപിച്ചിട്ടുണ്ട്. തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് എസ്.പി ബാലസുബ്രഹ്മണ്യം ജനിച്ചത്.