തമിഴില്‍ മികവുറ്റതും വ്യത്യസ്‌തവുമായ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനാണ് വിജയ് സേതുപതി. വിജയ് സേതുപതിയുടെ ഇതുവരെയുള്ള സിനിമാ ജീവിതത്തില്‍ താരത്തിന് ഏറ്റവും കൂടുതല്‍ അഭിനന്ദനങ്ങള്‍ നേടികൊടുത്ത സിനിമയാണ് വിക്രം വേദ. പുഷ്‌കര്‍-ഗായത്രി ദമ്പതികള്‍ ആണ് സിനിമ സംവിധാനം ചെയ്‌തത്. മാധവനായിരുന്നു വിക്രമായി സിനിമയില്‍ വേഷമിട്ടത്. ഇപ്പോള്‍ വിക്രം വേദ ബോളിവുഡില്‍ റിമേക്ക് ചെയ്യപ്പെടുകയാണ്. പുഷ്‌കറും ഗായത്രിയും തന്നെയാണ് സിനിമ ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ അടക്കമുള്ള താരങ്ങളുടെ പേരുകളാണ് വിക്രം വേദ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി പല റിപ്പോര്‍ട്ടുകളിലൂടെ ഉയര്‍ന്ന് കേട്ടത്. എന്നാല്‍ ഇവരാരുമല്ല ഹൃത്വിക് റോഷനും സെയ്‌ഫ് അലി ഖാനുമായിരിക്കും സിനിമയുടെ ടൈറ്റില്‍ കഥാപാത്രങ്ങളാകുക എന്നാണ് ബോളിവുഡിലെ ട്രെഡ് അനലിസ്റ്റായ രമേശ് ബാല ട്വിറ്ററിലൂടെ അറിയിച്ചത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് സേതുപതിയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുക. മാധവന്‍ അവതരിപ്പിച്ച വേഷത്തിലാണ് സെയ്‌ഫ് അലി ഖാന്‍ എത്തുക. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയെന്നത് വ്യക്തമായിട്ടില്ല. നീരജ് പാണ്ഡെയാണ് സിനിമ നിര്‍മിക്കുന്നത്. തമിഴ് നാട്ടിലെ ഗുണ്ടാ-കള്ളക്കടത്ത് സംഘങ്ങളുടെയും അവരെ കുടുക്കാന്‍ ശ്രമിക്കുന്ന പൊലീസ് സംഘത്തിന്‍റെയും കഥയാണ് ചിത്രം പറയുന്നത്.