മുംബൈ: പ്രമുഖ ഹിന്ദി ടെലിവിഷൻ താരം സമീർ ശർമയെ (44) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ വീട്ടിലാണ് താരത്തെ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. യേ രിശ്‌തേ ഹെ പ്യാർ കെ, ഇസ് പ്യാർ കോ ക്യാ നാമ് ദൂൻ- ഏക് ബാർ ഭിർ, കഹാനി ഗർ ഗർ കി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ പരമ്പരകളിലൂടെ ടിവി പ്രേക്ഷകർക്ക് സുപരിചിതനാണ് താരം. ഹസീ തോ ഫസീ, മൈ ബർത്ത് ഡേ സോങ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും സമീർ ശർമ അഭിനയിച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
ബുധനാഴ്‌ച രാത്രിയിൽ വീട്ടിലെ സീലിങ്ങിൽ തൂങ്ങിമരിച്ച നിലയിൽ സുരക്ഷാ ജീവനക്കാരനാണ് നടന്‍റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ജീവനക്കാരൻ സൂപ്പർവൈസറോട് സംഭവം പറയുകയും അയാൾ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. എന്നാൽ, സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
സമീർ ശർമ, രണ്ടു ദിവസം മുമ്പ് ആത്മഹത്യ ചെയ്‌തതായാണ് പ്രാഥമിക നിഗമനം. മലാദ് വെസ്റ്റിലുള്ള വീട്ടിലെ അടുക്കളയിൽ നിന്നുമാണ് നടന്‍റെ മൃതദേഹം കണ്ടെത്തിയത്. ജൂലൈ 27ന് താരത്തിന്‍റേതെന്ന് കരുതുന്ന ഇൻസ്റ്റഗ്രാം പോസ്റ്റിൽ വികാരാതീതമായ കുറിപ്പാണ് സമീർ ശർമ പങ്കുവെച്ചത്. നീറുന്ന ആത്മാവിന്‍റെ കവിതയെന്ന ഹാഷ് ടാഗിൽ മരിച്ച സ്വപ്‌നങ്ങളെക്കുറിച്ചും അദ്ദേഹത്തിന്‍റെ ചിതാഭസ്‌മം നദിയിലൊഴുക്കുന്നതിനെ കുറിച്ചുമാണ് പരാമർശിക്കുന്നത്.