മുംബൈ: രണ്ട് ദിവസത്തിനകം തിയേറ്ററിലെത്തുന്ന രജനീ ചിത്രം ദർബാറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ, ചിത്രത്തിന്‍റെ മലേഷ്യയിലെ റിലീസ് നിർത്തിവക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ലൈക്ക പ്രൊഡക്ഷൻസുമായുള്ള സാമ്പത്തിക പ്രശ്‌നമാണ് ചിത്രത്തിന്‍റെ പ്രദർശനം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിന് കാരണം.
ദർബാർ റിലീസ് തടയണമെന്നാവശ്യവുമായി മലേഷ്യൻ കമ്പനി മദ്രാസ് ഹൈക്കോടതിയിൽ ഹർജിയിൽ സമർപ്പിച്ചിരുന്നു. മലേഷ്യയിലെ ഡിഎംവൈ ക്രിയേഷൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒമ്പതാം തിയതി പ്രദർശിപ്പിക്കാൻ തീരുമാനിച്ച ദർബാറിന്‍റെ മലേഷ്യയിലെ റിലീസ് നിർത്തിവക്കാൻ ജസ്റ്റിസ് ജി. ജയചന്ദ്രൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ദർബാറിന്‍റെ നിർമാതാക്കൾ കമ്പനിയിൽ നിന്നും 23 കോടി രൂപ കൈപറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. കോടതിയുടെ രജിസ്ട്രാർ ജനറലിന്‍റെ പേരിൽ കുടിശ്ശികയ്ക്ക് തുല്യമായ ബാങ്ക് ഗ്യാരണ്ടി നിർമാതാവ് അടക്കുകയാണെങ്കിലോ ഈ തുക സ്യൂട്ടിന്‍റെ ക്രെഡിറ്റിൽ നിക്ഷേപിച്ചാലോ ചിത്രം മലേഷ്യയിൽ റിലീസ് ചെയ്യാമെന്നും കോടതി അറിയിച്ചു. എന്നാൽ, ലൈക്ക പ്രൊഡക്ഷൻസ് മലേഷ്യൻ കമ്പനിയുടെ ആരോപണം തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി.