മുംബൈ: നീണ്ട ഇടവേളക്ക് ശേഷം ബോളിവുഡിന്‍റെ പ്രിയദമ്പതികളായ റിതേഷ് ദേശ്‍മുഖും ജെനീലിയ ഡിസൂസയും പ്രേക്ഷകർക്ക് മുൻപിൽ ഒരുമിച്ചെത്തുന്നു. പുതുതായി ആരംഭിക്കുന്ന ലേഡീസ് വേഴ്‌സസ് ജെന്‍റിൽമെൻ എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകരായാണ് റിതേഷും ജെനീലിയയും എത്തുന്നത്. സ്‌ത്രീ- പുരുഷ സംബന്ധമായ വാദങ്ങളും ചർച്ചകളും അവതരിപ്പിക്കുന്ന ടെലിവിഷൻ പരിപാടിയിൽ ബോളിവുഡ് നടന്‍ കരണ്‍ വാഹി, കരൺ കുന്ദ്ര, വികാസ് ഗുപ്ത, നിയാ ശർമ, തേജസ്വി പ്രകാശ്, ബാനി ജെ, രശ്‌മി ദേശായി, പരസ് ചബ്ര എന്നിവരാണ് ജൂറി അംഗങ്ങളായി എത്തുന്നത്.
ഏറെ നാളുകള്‍ക്ക് ശേഷം ഭർത്താവ് റിതേഷുമൊരുമിച്ച് സ്‌ക്രീൻ പങ്കിടുന്നതിന്‍റെ സന്തോഷം ജെനീലിയ പങ്കുവെച്ചു. ഇത് പൂർണമായി ഒരു വിനോദ പരിപാടിയായിരിക്കുമെന്നും തന്‍റെ ജീവിതപങ്കാളിയോടൊപ്പം ആതിഥേയത്വം വഹിക്കുന്നതിനാൽ ഓർമകളിലേക്ക് തിരിച്ചുപോകാനുള്ള അവസരം കൂടിയാണെന്നും നടി പറഞ്ഞു. തുജെ മേരി കസം, മസ്തി, തേരേ നാല്‍ ലവ് ഹോ ഗയാ തുടങ്ങിയ ചിത്രങ്ങളിൽ നായികാ- നായകന്മാരായി അഭിനയിച്ച ജെനീലിയയും റിതേഷും 2012ലാണ് വിവാഹിതരായത്.