കൊല്‍ക്കത്ത: അക്കൗണ്ട് പൂട്ടിയുള്ള ട്വിറ്റര്‍ നടപടിക്ക് പിന്നാലെ വിദ്വേഷ പ്രചരണം നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ കേസെടുത്തു. തൃണമൂല്‍ നേതാവ് റിജു ദത്തയുടെ പരാതിയിലാണ് നടിക്കെതിരെ എഫ്ഐആർ രജിസ്റ്റര്‍ ചെയ്തത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് റിജു ദത്ത പരാതിയിൽ ചൂണ്ടിക്കാട്ടി. ട്വിറ്റർ വഴി ബംഗാളിൽ സാമുദായിക കലാപത്തിന് ആഹ്വാനം ചെയ്തുവെന്നും കങ്കണക്കെതിരെ പരാതിയുണ്ട്.
ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണത്തിന് മറുപടിയായി കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള നടിയുടെ ട്വീറ്റുകൾക്ക് വിരാമമിട്ട് ട്വിറ്റർ അക്കൗണ്ട് പൂട്ടിയെങ്കിലും അവർ പിന്നീട് ഇൻസ്റ്റഗ്രാമിൽ വീഡിയോകളും പോസ്റ്റുകളുമായി എത്തിയിരുന്നു.
More Read: തനിക്ക് പ്രതികരിക്കാൻ വേറെയും പ്ലാറ്റ്‌ഫോമുകൾ ഉണ്ടെന്ന് കങ്കണ
ട്വിറ്റർ നടപടിക്ക് പിന്നാലെ താരത്തിനെ തങ്ങളുടെ ബ്രാൻഡിൽ നിന്ന് ബഹിഷ്കരിക്കുന്നതായി അറിയിച്ച് പ്രമുഖ ഫാഷൻ ഡിസൈനർമാരായ ആനന്ദ് ഭൂഷണും റിംസിം ഡാഡുവും രംഗത്തെത്തിയിരുന്നു. എന്നാൽ, തനിക്ക് പ്രതികരിക്കാൻ വേറെ ഒരുപാട് വേദികളുണ്ടെന്നായിരുന്നു ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിൽ കങ്കണ പ്രതികരിച്ചത്.