മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭയപ്പെടാതെ ആളുകൾ തെരുവിലിറങ്ങി ശബ്‌ദമുയർത്തുന്നതിൽ അഭിമാനമുണ്ടെന്ന് ബോളിവുഡ് നടി ദീപിക പദുകോൺ. ഛപാക്കിന്‍റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് ജെഎൻയുവിലെ വിദ്യാർഥികൾക്ക് നേരെയുള്ള അക്രമത്തിനെതിരെ താരം പ്രതികരിച്ചത്.
"സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ നമ്മൾ ഭയപ്പെടാത്തതിൽ വളരെ അഭിമാനമുണ്ട്. അത് നമ്മൾ രാജ്യത്തെയും അതിന്‍റെ ഭാവിയെയും കുറിച്ച് ചിന്തിക്കുന്നത് കൊണ്ടാണ്. കാഴ്‌ചപ്പാട് എന്തു തന്നെയായാലും അത് നല്ലൊരു കാര്യമാണ്," ഒരു ടിവി ചാനലിന്‍റെ അഭിമുഖത്തിനിടയിൽ ദീപിക പറഞ്ഞു.
"നമ്മളെല്ലാം ഒരേ സമൂഹത്തിലാണ് ജീവിക്കുന്നത്, അതുകൊണ്ട് തന്നെ പ്രതികരിക്കുകയും ചെയ്യും. നിർഭാഗ്യവശാൽ ഈ വിഷയത്തെക്കുറിച്ചുള്ള പൂർണമായ വിവരങ്ങൾ അറിയില്ല. പക്ഷേ വേദനയുണ്ട്, അവബോധമുണ്ട്. അതുപോലെ അസ്വസ്ഥയുമാണ്," ഛപാക്കിന്‍റെ സംവിധായക മേഘ്‌ന ഗുൽസാർ വ്യക്തമാക്കി. ഒപ്പം രാജ്യത്തെ സമാധാനവും സന്തുലിതാവസ്ഥയും തിരിച്ചു വരുമെന്ന പ്രതീക്ഷയും മേഘ്‌ന അഭിമുഖത്തിൽ പങ്കുവെച്ചു.
ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും രാജ്യത്ത് ശക്‌തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പുതിയ നിയമത്തിൽ പ്രതിഷേധം അറിയിച്ച് നിരവധി സിനിമാ താരങ്ങളും രംഗത്ത് വന്നിരുന്നു. ബോളിവുഡ് താരരാജാക്കന്മാരായ അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ തുടങ്ങിയവർ സംഭവത്തിൽ ഇതുവരെയും തങ്ങളുടെ അഭിപ്രായം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സ്വരാ ഭാസ്‌കർ, ദിയ മിർസ, അലി ഫസൽ, സുധീർ മിശ്ര, അനുഭവ് സിൻഹ, നീരജ് ഗായ്‌വാൻ എന്നിവരുൾപ്പെടെ നിരവധി താരങ്ങളാണ് ബോളിവുഡിൽ നിന്നുമിറങ്ങി പ്രതിഷേധക്കാരോടൊപ്പം ചേർന്നത്. ഇന്നലെ രാത്രി വിശാൽ ഭരദ്വാജ്, അനുരാഗ് കശ്യപ്, സോയ അക്തർ, തപ്‌സി പന്നു, റിച്ച ചദ്ദ എന്നിവർ ജെഎൻയു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിലെ കാർട്ടർ റോഡിലെ പ്രതിഷേധത്തിനൊപ്പം അണിനിരന്നിരുന്നു.