ലുഡോ, ദംഗൽ ചിത്രങ്ങളിലൂടെ ബോളിവുഡിന് സുപരിചിതയായ ഫാത്തിമ സന ഷെയ്ഖിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ കൊവിഡ് പോസിറ്റീവായെന്ന വാർത്ത അറിയിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഫാത്തിമ ഷെയ്‌ഖിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇപ്പോൾ നടി ക്വാറന്‍റൈനിലാണ്.
"എനിക്ക് കൊവിഡ് പോസിറ്റീവ് ആയി. ഇപ്പോൾ എല്ലാ മുൻകരുതലുകളും മാനദണ്ഡങ്ങളും പാലിച്ച് ക്വാറന്‍റൈനിലാണ്. നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും നന്ദി. ദയവായി സുരക്ഷിതരായിരിക്കുക," എന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2020ലെ ലുഡോയാണ് നടിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കൂടാതെ, മനോജ് ബാജ്‌പയിക്കൊപ്പം സൂരജ് പേ മംഗൾ ഭാരിയിലും അഭിനയിച്ചു. ആകാശ് വാണി, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ എന്നിവയാണ് ഫാത്തിമ സന ഷെയ്ഖിന്‍റെ മറ്റ് പ്രധാന ബോളിവുഡ് ചിത്രങ്ങൾ. കരൺ ജോഹർ ചിത്രം അജീബ് ദസ്താനിയാണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ബോളിവുഡ് താരങ്ങളായ ആമിർ ഖാൻ, പരേഷ് റാവൽ, കാർത്തിക് ആര്യൻ, രൺബീർ കപൂർ, സംവിധായകൻ സഞ്ജയ് ലീല ബൻസാലി എന്നിവർക്കും അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.