വിട പറഞ്ഞ അസാമാന്യ നടൻ ഇർഫാൻ ഖാനൊപ്പം തിരശ്ശീല പങ്കിടാൻ സാധിച്ചതിലെ ഭാഗ്യവും സന്തോഷവും മലയാളത്തിലെ യുവതാരങ്ങളായ ദുൽഖർ സൽമാനും പാർവതി തിരുവോത്തും സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞിരുന്നു. എന്നാൽ, താൻ സിനിമയിലെത്താൻ ഏറ്റവും പ്രചോദനമായ വ്യക്തിയെ കണ്ടുമുട്ടാനുള്ള അവസരം ബാക്കിവെച്ചതിൽ നിരാശനാണ് യുവതാരം ഫഹദ് ഫാസിൽ. പഠനകാലത്ത് കിട്ടിയ ഡിവിഡിയിലെ ചിത്രത്തിലെ മുഖം എഞ്ചിനീയറിങ്ങ് ഉപേക്ഷിച്ച് അഭിനയം തെരഞ്ഞെടുക്കുന്നതിന് കാരണമായി. പിന്നീട്, ഇർഫാൻ ഖാന്‍റെ സിനിമകളിലൂടെ അദ്ദേഹത്തിന്‍റെ ആരാധകനായി മാറി ഫഹദ്. എന്നാൽ, ദുൽഖറിനൊപ്പം അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്‍റെ തിരക്കുകൾ കാരണം താരത്തെ കാണാൻ സാധിക്കാതെ പോയെന്നും അതിനെ കുറിച്ചോർത്ത് പശ്ചാത്തപിക്കുകയാണെന്നും ഫഹദ് ഫാസിൽ പറയുന്നു. ഇർഫാന് മാത്രം ചെയ്യാൻ കഴിയുന്ന പല വേഷങ്ങളും ബാക്കിവച്ചു താരം യാത്ര പറഞ്ഞപ്പോൾ സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും മുമ്പിൽ വലിയ നഷ്‌ടവും ശൂന്യതയുമാണ് അത് സൃഷ്‌ടിച്ചതെന്നും യുവനടൻ ഫേസ്‌ബുക്കിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
"വളരെ വർഷങ്ങൾക്ക് മുമ്പ്, എനിക്ക് കൃത്യമായി ആ വർഷം ഓർമ വരുന്നില്ലെങ്കിലും, അമേരിക്കയിലെ എന്‍റെ പഠനകാലത്താണ് എന്ന് ഓര്‍മയുണ്ട്. ഇന്ത്യന്‍ സിനിമകള്‍ കാണാനുള്ള യാതൊരു സാഹചര്യവും ലഭിക്കാത്ത ഒരു കാമ്പസിലാണ് ഞാന്‍ പഠിച്ചുകൊണ്ടിരുന്നത്. അതിനാൽ, ഞാനും എന്‍റെ സുഹൃത്ത് നികുഞ്ജും കൂടി വാരാവസാനം അടുത്തുള്ള പാകിസ്ഥാനി കടയില്‍ പോയി ഇന്ത്യന്‍ ഡിവിഡികള്‍ വാടകയ്ക്ക് എടുക്കുമായിരുന്നു. അത്തരത്തിലൊരു സന്ദർഭത്തിൽ ഖാലിദ് ഭായി, ആ കടയുടെ ഉടമ ഞങ്ങള്‍ക്കൊരു സിനിമ ശുപാര്‍ശ ചെയ്തു. 'യഹ് ഹോയാ തോ ക്യാ ഹോതാ'. നസറുദ്ദീന്‍ ഷാ ആണ് ആ സിനിമ സംവിധാനം ചെയ്‌തത് എന്നതിനാൽ ഞാന്‍ അത് ശ്രദ്ധിച്ചു. ആ ഡിവിഡി എടുക്കാന്‍ അങ്ങനെ തീരുമാനിച്ചു. അന്ന് രാത്രി സിനിമ കണ്ടപ്പോൾ സലിം രാജബലി എന്ന കഥാപാത്രത്തെ കണ്ട് ഞാന്‍ നികുഞ്ജിനോട് ചോദിച്ചു, ആരാണീ മനുഷ്യന്‍...? പല നടന്മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഗാഢമായി അഭിനയിക്കുന്ന, സ്റ്റൈലിഷ് ആയ, സൗന്ദര്യമുള്ളവരെ. പക്ഷെ ആദ്യമായി ഞാന്‍ ഒരു യഥാര്‍ത്ഥ അഭിനേതാവിനെ കണ്ടു. അദ്ദേഹമാണ് ഇര്‍ഫാന്‍ ഖാന്‍."
ദി നെയിംസേക്ക് വിദേശ ചിത്രത്തിൽ ഇർഫാൻ ഖാൻ അഭിനയിക്കുന്നു എന്നത് ആരാധകരെ എത്രത്തോളം ഹരം കൊള്ളിച്ചുവെന്നും ഫഹദ് ഫാസിൽ വിവരിക്കുന്നുണ്ട്. "ജനപ്രിയമായ ഒരു പാട്ട് പോലെയായിരുന്നു ഇര്‍ഫാന്‍റെ വളര്‍ച്ച. എല്ലാവരും അത് അനുഭവിച്ചറിയുകയും പറഞ്ഞുനടക്കുകയും ചെയ്‌തു. ഞാന്‍ അദ്ദേഹത്തിന്‍റെ സിനിമകള്‍ കണ്ടുകൊണ്ടിരുന്നു. അദ്ദേഹത്തെ നോക്കിയിരുന്ന് പലപ്പോഴും ഞാന്‍ കഥ മറന്നു പോയിട്ടുണ്ട്. അദ്ദേഹം അഭിനയം വളരെ അനായാസമാണെന്ന് കാണിച്ചു തന്നു, ഞാന്‍ അതില്‍ വഞ്ചിതനായി. ഇര്‍ഫാന്‍ ഖാനെ കണ്ടെത്തിയപ്പോൾ, എന്‍ജിനീയറിങ്ങ് ഉപേക്ഷിച്ച് ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചു. സിനിമയില്‍ അഭിനയിക്കാന്‍. കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ അഭിനയിക്കുകയും അതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. ഇര്‍ഫാനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള പലരുമായും ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. വിശാല്‍ ഭരദ്വാജിനെ കണ്ടപ്പോള്‍ ആദ്യം സംസാരിച്ചത് മക്ബൂല്‍ എന്ന സിനിമയെ കുറിച്ചായിരുന്നു. എന്‍റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍, ഇര്‍ഫാനൊപ്പം സ്വന്തം നാട്ടില്‍ ഒരു സിനിമ ചെയ്യുമ്പോഴും എനിക്ക് അദ്ദേഹത്തെ നേരില്‍ കാണാന്‍ സാധിച്ചില്ല. അദ്ദേഹത്തിനൊരു ഹസ്തദാനം നല്‍കാന്‍ കഴിയാത്തതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു."
ഇർഫാന്‍റെ മരണവാർത്ത നസ്രിയ വന്ന് പറയുമ്പോൾ താൻ ശരിക്കും നടുങ്ങിയെന്നും അദ്ദേഹത്തെ കുറിച്ച് മാത്രം ചിന്തിച്ചാണ് ഈ ദിവസം മുഴുവൻ കടന്നു പോയതെന്നും ഫഹദ് പറഞ്ഞു. അന്ന് ആ ഡിവിഡി എടുത്തില്ലായിരുന്നുവെങ്കില്‍, തന്‍റെ ജീവിതം മാറ്റി മറിച്ച ആ നടനെ ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് താന്‍ ഇവിടെ വരെ എത്തില്ലായിരുന്നു എന്ന് കൂട്ടിച്ചേർത്തു കൊണ്ടാണ് ഫഹദ് ഫാസിൽ ഇർഫാൻ ഖാന്‍റെ വേർപാടിലുള്ള അനുശോചനം രേഖപ്പെടുത്തുന്നത്.