പട്‌ന: ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‌ത സെയ്‌ഫ് അലിഖാന്‍ വെബ് സീരിസ് താണ്ഡവിനെതിരെ പട്‌നയിലും പ്രതിഷേധം. ചിരാഗ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടിയുടെ നേതൃത്വത്തില്‍ ബിഹാറിന്‍റെ തലസ്ഥാനത്ത് കഴുതകളെ ഉപയോഗിച്ച് 'ഡോങ്കി പ്രതിഷേധം' നടത്തി. താണ്ഡവ് പോലുള്ള വെബ് സീരിസുകള്‍ സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നു. ലോക് ജനശക്തി പാർട്ടി അനുയായികൾ നടൻ സെയ്ഫ് അലി ഖാന്റെയും സീരിസ് സംവിധായകൻ അലി അബ്ബാസ് സഫറിന്റെയും ഫോട്ടോകൾ കഴുതകളുടെ കഴുത്തിൽ തൂക്കിയാണ് പ്രതിഷേധത്തിനെത്തിയത്. കൂടാതെ രാജ്യദ്രോഹി, ഹിന്ദു വിരോധി എന്നിങ്ങനെയെല്ലാം ഇരുവരുടെയും ഫോട്ടോകള്‍ക്കൊപ്പം എഴുതി ചേര്‍ക്കുകയും ചെയ്‌തിരുന്നു.
താണ്ഡവ് ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടെന്നും അത് സ്വീകാര്യമായ ഒന്നല്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ശിവനേയും രാമനേയും പരിഹസിക്കുന്ന ഡയലോഗുകളും സീരിസിലുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഇതിനോടകം വെബ് സീരിസിനെതിരെ നിരവധി സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും രംഗത്തെത്തുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഡോങ്കി മാര്‍ച്ചില്‍ വ്യാഴാഴ്ച നൂറോളം അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് അംഗങ്ങൾ പങ്കെടുത്തു. സെയ്‌ഫ് അലിഖാൻ, ഡിംപിൾ കപാഡിയ എന്നിവരാണ് സീരിസിലെ മറ്റ് പ്രധാന താരങ്ങൾ. ആർട്ടിക്കിൾ 15 ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ഗൗരവ് സോളാങ്കിയാണ് സീരിസിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.