മുംബൈ: അല്ലു അർജുൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ ദക്ഷിണേന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി ദിഷ പഠാനി. അല്ലു അർജുൻ -സുകുമാർ കൂട്ടുകെട്ടിലൊരുങ്ങുന്ന പുഷ്‌പയിൽ ഒരു ഗാനരംഗത്തിൽ ദിഷ തെലുങ്ക് താരത്തിനൊപ്പം പങ്കാളിയാകുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുനന്നത്. അല്ലു അർജുന്‍റെ നൃത്തചുവടുകൾ തനിക്ക് വളരെ പ്രിയങ്കരമാണെന്ന് ഏതാനും ആഴ്‌ചകൾക്ക് മുമ്പാണ് നടി വ്യക്തമാക്കിയത്. ഒപ്പം അല്ലുവിന്‍റെ അടുത്തിടെ ഹിറ്റായ ബുട്ട ബൊമ്മ ഗാനവും ബാഗി 3 ഫെയിം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
തമിഴിലും തെലുങ്കിലും സജീവമായ ദിഷാ പഠാനി മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ബോളിവുഡിനും സുപരിചിതയാകുന്നത്. കാടിന്‍റെ പശ്ചാത്തലത്തിൽ ചന്ദനത്തടികൾ കടത്തുന്ന കഥ വിവരിക്കുന്ന പുഷ്‌പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കന്‍റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയപ്പോൾ മുതൽ ചിത്രത്തിനായി ആരാധകരും കടുത്ത പ്രതീക്ഷയിലാണ്.