മുംബൈ: കർഷകപ്രതിഷേധത്തിലെ കങ്കണാ റണൗട്ടിന്‍റെ ട്വീറ്റിനെതിരെ ശക്തമായി പ്രതികരിച്ചതോടെ ട്വിറ്ററിൽ അഞ്ച് ലക്ഷം ഫോളോവേഴ്‌സിനെ നേടി ദിൽജിത് ദൊസഞ്ജ്.
ഡിസംബർ രണ്ടിന് കർഷകസമരത്തിന്‍റെ പശ്ചാത്തലത്തിൽ ബിൽക്കിസ് ബാനുവിനെതിരെ കങ്കണ നടത്തിയ പ്രസ്താവന വലിയ ചർച്ചയായിരുന്നു. കർഷകരുടെ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരു മുതിർന്ന സിഖ് വനിത ഷഹീൻബാഗ് സമരനായിക ബിൽക്കിസ് ബാനുവാണെന്നും അവരെ നൂറു രൂപയ്ക്ക് ലഭിക്കുമെന്നും കങ്കണ പറഞ്ഞു. എന്നാൽ, കങ്കണയുടെ പ്രസ്‌താവന തെറ്റാണെന്ന് പീന്നീട് സമൂഹമാധ്യമങ്ങൾ തന്നെ തെളിയിച്ചു. ഞങ്ങളുടെ ഹൃദയത്തിലുള്ള, രാജ്യത്തിന് വേണ്ടി പലതും ത്യജിച്ച അമ്മമാരെയാണ് കങ്കണാ റണൗട്ട് അധിക്ഷേപിച്ചതെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബി ഗായകനും നടനുമായ ദിൽജിത്തും രംഗത്തെത്തി. തുടർന്ന്, ട്വിറ്ററിൽ ദില്‍ജിത് വേഴ്‌സസ് കങ്കണ ഹാഷ്‌ടാഗ് തരംഗമാവുകയും ചെയ്‌തു.
എപ്പോഴും പൊട്ടത്തരം മാത്രം വിളമ്പുന്ന താരം, ആദ്യം ഇവരെ ബഹുമാനിച്ച ശേഷം രാജ്യസ്‌നേഹത്തെ കുറിച്ച് പറഞ്ഞാൽ മതിയെന്ന് ദിൽജിത് അഭിപ്രായപ്പെട്ടതോടെ, ദിൽജിത്തിനെ കരൺ ജോഹറിന്‍റെ വാത്സല്യഭാജനം എന്ന് വിശേഷിപ്പിച്ച് നടി തിരിച്ചും മറുപടി നൽകി.
കങ്കണക്കെതിരെയുള്ള ദിൽജിത്തിന്‍റെ പോരാട്ടത്തിന് ഗായകൻ മിൽക്കാ സിംഗ് ഉൾപ്പടെയുള്ളവർ പിന്തുണ അറിയിച്ചു. ഒപ്പം, സമൂഹമാധ്യമങ്ങളും കർഷകസമരത്തിലെ പഞ്ചാബി ഗായകന്‍റെ നിലപാടിനെ അനുകൂലിച്ച് രംഗത്തെത്തി. കഴിഞ്ഞ ബുധനാഴ്‌ച വരെ 3.8 മില്യൺ ഫോളോവേഴ്‌സുണ്ടായിരുന്ന ദിൽജിത്തിന്‍റെ ട്വിറ്റർ അക്കൗണ്ടിന് രണ്ട് ദിവസത്തിനകം അഞ്ച് ലക്ഷം പേരാണുള്ളത്.