രാഞ്ച്നക്ക് ശേഷം ആനന്ദ് എല്‍. റായ്‌യുടെ സംവിധാനത്തിൽ ധനുഷ് നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് 'അത്‌രംഗി രെ'. ധനുഷിനൊപ്പം സാറ അലി ഖാനും അക്ഷയ് കുമാറും പ്രധാന കഥാപാത്രങ്ങളാകുന്ന ബോളിവുഡ് ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ദേശീയ പുരസ്‌കാര ജേതാവ് ഹിമാന്‍ഷു ശര്‍മ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകൻ എ.ആർ റഹ്മാനാണ്.
2013ലെ രാഞ്ചനക്ക് ശേഷം ധനുഷ് ഒരു ഇടവേളയെടുത്താണ് ബോളിവുഡിലേക്ക് വീണ്ടുമെത്തുന്നത്. ഇന്ന് അത്‌രംഗി രെയുടെ അവസാന ദിവസമായിരുന്നുവെന്ന് കുറിച്ചുകൊണ്ട് സിനിമ പൂർത്തിയാക്കിയ സന്തോഷം അക്ഷയ് കുമാർ ട്വിറ്ററിൽ പങ്കുവെച്ചു. ഒപ്പം, മാന്ത്രികന്‍റെ വേഷത്തിലുള്ള ചിത്രത്തിലെ തന്‍റെ ലുക്കും അക്ഷയ് കുമാർ പങ്കുവെച്ചു. സിനിമയിലെ സഹതാരങ്ങളായ ധനുഷിനും സാറക്കും അക്ഷയ് കുമാർ നന്ദി അറിയിച്ചു.
സംവിധായകനും തിരക്കഥാകൃത്തും ഒപ്പം ഭൂഷൺ കുമാറും കൃഷൻ കുമാറും ചേർന്നാണ് അത്‌രംഗി രേ നിർമിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് ആറിനാണ് ചിത്രത്തിന്‍റെ റിലീസ്.