ലോക ഇക്കണോമിക് ഫോറത്തിന്‍റെ പുരസ്‌കാര ചടങ്ങിൽ വച്ച് താൻ ജീവിതത്തിൽ കടന്നുപോയ വിഷാദരോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി ദീപിക പദുകോൺ. സ്വിറ്റ്സർലൻഡിലെ ദാവോസില്‍ നടന്ന ചടങ്ങിൽ ലോക ഇക്കണോമിക് ഫോറത്തിന്‍റെ ക്രിസ്റ്റല്‍ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു ബോളിവുഡ് നടി ദീപിക പദുകോണ്‍. തന്‍റെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന വിഷാദരോഗത്തെക്കുറിച്ചും തുടർന്ന് ദി ലിവ് ലവ് ലാഫ് ഫൗണ്ടേഷൻ ആരംഭിച്ചതിനെക്കുറിച്ചും ദീപിക വിശദീകരിച്ചു.
"വിഷാദ രോഗത്തിൽ നിന്ന് മോചിക്കപ്പെടാനുള്ള എന്‍റെ യാത്രയിലാണ് മാനസിക അസാസ്ഥ്യം മൂലമുണ്ടാകുന്ന ഇത്തരം അവസ്ഥകളെക്കുറിച്ച് സമൂഹത്തിൽ ശരിയായ അവബോധമില്ലെന്ന് മനസ്സിലായത്. ഇങ്ങനെയാണ് ഒരാളുടെയെങ്കിലും ജീവൻ രക്ഷിക്കണമെന്ന ലക്ഷ്യവുമായി ഈ സംഘടന സ്ഥാപിക്കാൻ തീരുമാനിച്ചത്," 2015 ജൂൺ മാസം പ്രവർത്തനമാരംഭിച്ച ദി ലിവ് ലവ് ലാഫ് ഫൗണ്ടേഷൻ സ്ഥാപിച്ചതിന് പിന്നിലുള്ള കാരണം ദീപിക പങ്കുവെച്ചു. രാജ്യവ്യാപകമായി വിഷാദരോഗത്തെക്കുറിച്ച് പൊതുജന അവബോധം, കൗമാരക്കാർക്ക് വേണ്ടി മാനസികാരോഗ്യ പരിപാടികൾ, ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്ക് വേണ്ടി ചികിത്സാ സഹായം എന്നിവയാണ് ദീപികയുടെ കീഴിലുള്ള ഈ സംഘടനയുടെ മുഖ്യ പ്രവർത്തനങ്ങൾ.