ഇന്ത്യൻ സിനിമാചരിത്രത്തിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ..
ഇന്ത്യൻ സിനിമചരിത്രത്തിലെ ഉയർന്ന പ്രതിഫലം വാങ്ങിയ ആദ്യ നടി..
ഇന്ത്യൻസിനിമയുടെ നൂറാം വർഷം കൊണ്ടാടിയപ്പോൾ മികച്ച ജനപ്രിയ നടിക്കുള്ള പുരസ്‌കാരം ലഭിച്ചവർ..
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സ്വന്തം പേര് അന്വർഥമാക്കും വിധം എല്ലാ പ്രേക്ഷകരെയും തന്‍റെ സൗന്ദര്യത്താലും നൃത്തപാടവത്താലും അഭിനയ ചാതുരയാലും വശീകരിച്ചവൾ... ഇന്ത്യൻ സിനിമയുടെ താരസിംഹാസനത്തിലേക്ക് മെല്ലെ നടന്ന് കയറിയ സ്വപ്ന സുന്ദരി ശ്രീദേവി...
നാലാം വയസിൽ തുടങ്ങിയ ശ്രീദേവിയെന്ന ചലച്ചിത്ര സപര്യ ആകസ്മികമായി അവസാനിച്ചുവെന്ന വാർത്ത ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സിനിമാപ്രേമികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിട്ട് മൂന്ന് വര്‍ഷം പിന്നിടുന്നു. ദുഖത്തേക്കാളുപരി... ശ്രീദേവിക്ക് പകരം വെക്കാൻ ഇനിയാര്... എന്ന ചിന്തയാണ് സിനിമാ പ്രേമികളെ ഒന്നാകെ അലട്ടികൊണ്ടിരുന്നത്. ദുബായിൽ ഒരുവിവാഹ ചടങ്ങില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി. ദുബൈയിലെ ഹോട്ടലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലയാളത്തിൽ ഉൾപ്പെടെ എല്ലാ ദക്ഷിണേന്ത്യൻ സിനിമകളിലും അഭിനയിച്ചു ബോളിവുഡിലെ നായികയായി വർഷങ്ങൾ അടക്കിവാണ അഭിനേത്രിയായിരുന്നു ശ്രീദേവി കപൂർ.... രാജ്യം 2013ൽ പദ്മിശ്രീ നൽകി ആദരിച്ചു. രണ്ട് മക്കൾ. അപാര റേഞ്ച് ഉള്ള നടിയായാണ് ശ്രീദേവി അറിയപ്പെട്ടിരുന്നത്. ആ പറഞ്ഞതിൽ ഒട്ടും അതിശയോക്തി ഇല്ലെന്ന് അവരുടെ ചുരുക്കം സിനിമകൾ മാത്രം കണ്ടിട്ടുള്ള ആര്‍ക്കും എളുപ്പത്തിൽ മനസിലാക്കാം... ദക്ഷിണേന്ത്യൻ ചിത്രങ്ങളിലൂടെ തുടങ്ങിയ ശ്രീദേവിയുടെ ജൈത്രയാത്രയിൽ എണ്ണം പറഞ്ഞ ചില ചിത്രങ്ങൾ അവർ ചെയ്‌തിരുന്നു. പതിനാറ് വയതിനിലെ, സിഗപ്പ് റോജാക്കൾ, വാഴ്വേ മായം, മൂന്നാംപിറൈ അങ്ങനെയങ്ങനെ....
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. നാലാം വയസില്‍ തുണൈവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ശ്രീദേവി ദേവരാഗം, കുമാര സംഭവം ഉള്‍പ്പെടെയുള്ള 26 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1971 പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. രണ്ട് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 1976ല്‍ മുണ്ട്ര് മുടിച്ച് എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം നായികയായി ശ്രീദേവി അഭിനയിക്കുന്നത്. 1983ലെ ഹിമ്മത് വാല ആണ് ആദ്യത്തെ ബോളിവുഡ് ചിത്രം. അമ്പത് വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ എണ്ണമറ്റ കാഥാപാത്രങ്ങളെ ആരാധാകര്‍ക്ക് സമ്മാനിച്ച ശ്രീദേവി ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിത സൂപ്പര്‍ സ്റ്റാര്‍ എന്നാണ് അറിയപ്പെട്ടത്.
മലയാളത്തിനും ശ്രീദേവി സമ്മാനിച്ചിട്ടുണ്ട് എക്കാലത്തും ഓര്‍ത്തുവെക്കാവുന്ന ചില കഥാപാത്രങ്ങള്‍. കുമാരസംഭവം എന്ന ചിത്രത്തില്‍ സുബ്രഹ്മണ്യനായി അഭിനയിച്ചുകൊണ്ടായിരുന്നു ശ്രീദേവിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. തമിഴില്‍ അരങ്ങേറ്റം കുറിച്ച 1969ല്‍ തന്നെയായിരുന്നു ശ്രീദേവിയുടെ മലയാളത്തിലേക്കുള്ള കാലുവെപ്പും. തൊട്ടടുത്ത വര്‍ഷം സ്വപ്നങ്ങള്‍ എന്ന ചിത്രത്തില്‍ രാമ്മന്ന എന്ന ബാലകഥാപത്രത്തെയും അവര്‍ അവതരിപ്പിച്ചു. 1976ല്‍ അഭിനന്ദനം. തുടര്‍ന്ന് കുറ്റവും ശിക്ഷയും, ആലിംഗനം, തുലാവര്‍ഷം എന്നിങ്ങനെ മൂന്ന് ചിത്രങ്ങള്‍കൂടി ആ വര്‍ഷം അവര്‍ അഭിനയിച്ചു. 1977ല്‍ ആശിര്‍വാദം, ആദ്യപാഠം, ആ നിമിഷം, അന്തര്‍ദാഹം, അകലെ ആകാശം,അമ്മേ അനുപമേ, നിറകുടം, ഊഞ്ഞാല്‍, വേഴാമ്പല്‍, സത്യവാന്‍ സാവിത്രി അംഗീകാരം എന്നീ ചിത്രങ്ങള്‍.
1977 ശ്രീദേവിയുടെ മലയാള സിനിമാ ജീവിതത്തില്‍ ഒരു നാഴികക്കല്ലായിരുന്നു. ആ വര്‍ഷമാണ് മലയളത്തില്‍ ശ്രീദേവി ആദ്യമായി ഇരട്ടവേഷത്തില്‍ അഭിനയിച്ച പ്രസിദ്ധമായ സത്യവാന്‍ സാവിത്രി പുറത്തിറങ്ങുന്നതും. 1978ല്‍ നാലുമണിപ്പൂക്കള്‍ എന്ന ഒറ്റച്ചിത്രം മാത്രമാണ് അവരുടേതായി മലയാളത്തില്‍ ഇറങ്ങിയത്. 1982ല്‍ മൊഴിമാറ്റ ചിത്രങ്ങളായ പ്രേമാഭിഷേകവും ബാല നാഗമ്മയും പുറത്തിറങ്ങി. 1975ല്‍ അവര്‍ ഹിന്ദിയില്‍ അഭിനയിച്ച് തുടങ്ങി. ഹിന്ദിയില്‍ തിരക്കുള്ള നായികയായി ഉയര്‍ന്നത് 83ല്‍ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്‌വാലയിലാണ്. ഹിന്ദിയില്‍ തിരക്കേറിയ ശേഷവും രണ്ട് ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. 1995ല്‍ ഹേ സുന്ദരിയും 1996ല്‍ ദേവരാഗവും. ദേവരാഗമാണ് മലയാളത്തില്‍ അവര്‍ അഭിനയില്‍ അവസാനത്തെ ചിത്രം.
ഹിന്ദിയില്‍ ഒരു വാക്കുപോലും സംസാരിക്കാന്‍ ശ്രീദേവിക്ക് അറിയുമായിരുന്നില്ല. പക്ഷെ ശ്രീദേവി കഴിവുകൊണ്ട് ബോളിവുഡും പിടിച്ചടക്കി. വിവിധഭാഷകളിലായി ഇത്രയും പേരെടുത്ത മറ്റൊരു അഭിനേതാവും ഇന്ത്യന്‍ സിനിമയിലില്ല. കമല്‍ഹാസന്‍ നായകനായ ബാലുമഹേന്ദ്ര ചിത്രം സാദ്‌മയിലെ പ്രകടനത്തിലൂടെ ഹിന്ദി സിനിമാലോകത്തിന്‍റെ കണ്ണുകളെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ശ്രീക്ക് കഴിഞ്ഞു. അവിടെ ശ്രീദേവിയെന്ന താരോദയം സംഭവിക്കുകയായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച അഭിനേത്രിക്കുള്ള ഒട്ടേറെ പുരസ്‌കാരങ്ങളും ബോളിവുഡില്‍ കൈനിറയെ അവസരങ്ങളും അവരെത്തേടിയെത്തി. മിസ്റ്റര്‍ ഇന്ത്യ, ചാന്ദ്‌നി, ലമ്‌ഹെ, ഖുദാ ഗവാ, നാഗിന, ചാല്‍ബാസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രീദേവി വേഷമിട്ടു. മിസ്റ്റര്‍ ഇന്ത്യയുടെ ചിത്രീകരണ സമയത്താണ് ശ്രീദേവി ബോണി കപൂറുമായി അടുക്കുന്നത്. മോന കപൂറുമായുള്ള ബന്ധം പിരിഞ്ഞതോടെ ബോണിയും ശ്രീദേവിയും വിവാഹിതരായി. ജാന്‍വി, ഖുഷി എന്നീ പെണ്‍കുട്ടികളാണ് ഇവര്‍ക്ക്.
1993ല്‍ വിഖ്യാതമായ ജുറാസിക് പാര്‍ക്ക് സിനിമയില്‍ വേഷം ചെയ്യാനായി ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് ശ്രീദേവിയെ സമീപിച്ചിരുന്നു. കരിയറിന്‍റെ ഉന്നതിയില്‍നിന്ന ശ്രീ അഭിനയ സാധ്യതയില്ലെന്ന് പറഞ്ഞ് ആ ക്ഷണം നിരസിച്ചു. പിന്നീട് ഒരു വലിയ ഇടവേളക്ക് ശേഷം 2015ല്‍ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ശ്രീ തിരിച്ചുവരവ് ശക്തമാക്കി. മോം എന്ന ചിത്രത്തിലെ പ്രകടനത്തിന് മരണാനന്തര ബഹുമതിയായി ദേശീയ പുരസ്‌കാരവും ശ്രീദേവിയെ തേടിയെത്തി. 300ൽ പരം ചിത്രങ്ങളിൽ അഭിനയിച്ച ശ്രീദേവിയുടെ മിക്ക ചിത്രങ്ങളും, ഗാനങ്ങളും ശരാശരിയിലും മേലെ ഹിറ്റ് ആയിരുന്നു. 16ല്‍ അധികം സിനിമകളില്‍ ജിതേന്ദ്രയോടൊപ്പം ഒരുമിച്ചു. നാല് ചിത്രങ്ങളില്‍ മിഥുൻ ചക്രവർത്തിയോടൊപ്പവും 14 ചിത്രങ്ങളില്‍ അനിൽ കപൂറിനൊപ്പവും അഭിനയിച്ചു. നാല് ചിത്രങ്ങളിൽ പിന്നണി പാടിയും ധാരാളം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയും ശ്രീദേവി വെട്ടിപിടിച്ചത് ഒട്ടനവധി ജനഹൃദയങ്ങളെയാണ്. ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി ശ്രീദേവി ഹിറ്റാക്കിയ കാറ്റിൻ എന്തൻ ഗീതം, സന്ദന കാറ്ററേ.. സെന്തമിഴ് ഊട്രേ, സിപ്പി ഇരിക്കത് മുത്തും ഇരിക്കത്, ശിശിരകാല മേഘമിഥുന രതിപരാഗമോ, യയയായ..യാദവാ എനിക്കറിയാം, ശശികല ചാർത്തിയ ദീപാവലയം, ഹർ കിസീ കോ നഹി മിൽത്താ യഹാം പ്യാർ, നൈനോം മേ സപ്നാ.. സപ്നേ മേ സജ്‌നാ എന്നിങ്ങനെ ഒട്ടനവധിയുണ്ട്.
സൗന്ദര്യവും അഭിനയവും ഒരേ അളവില്‍ ഒത്തുചേര്‍ന്നിരുന്ന ശ്രീ തെക്കേ ഇന്ത്യയില്‍ നിന്നും മറ്റൊരു നടനോ നടിക്കോ സാധിച്ചിട്ടില്ലാത്ത അസൂയാവഹമായ സ്ഥാനമാണ് വടക്കേ ഇന്ത്യന്‍ മണ്ണില്‍ നേടിയത്. വടക്കേ ഇന്ത്യക്കാരികളായ നടിമാര്‍ക്ക് പോലും ഇന്നും സാധിച്ചിട്ടില്ലാത്ത നേട്ടം... അതിനെ മറികടക്കാന്‍ മറ്റൊരു ശ്രീദേവി ഉണ്ടാകുന്നത് വരെ... ഈ താരം ഉന്നതങ്ങളില്‍ തന്നെ വിരാജിക്കും... ശ്രീദേവിക്ക് തുല്യം ശ്രീദേവി മാത്രം....