മുംബൈ: നടൻ സോനു സൂദ് താമസിക്കുന്ന കെട്ടിടം അനധികൃതമായി ഹോട്ടലാക്കി മാറ്റിയ സംഭവത്തില്‍ ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കേസെടുത്തു. മുംബൈയിലെ ജുഹുവിലുള്ള ആറ് നില കെട്ടിടം ഹോട്ടലാക്കി മാറ്റിയെന്ന പേരിൽ ബോളിവുഡ് താരത്തിനെതിരെ ബിഎംസി നോട്ടീസ് പുറപ്പെടുവിച്ചു.
അതേ സമയം, ബിഎംസിയുടെ നോട്ടീസിനെതിരെ നടൻ മുംബൈ കോടതിയെ സമീപിച്ചതായി കോർപ്പറേഷൻ അധികൃതർ പറയുന്നു. എന്നാൽ, താരത്തിന്‍റെ ഹർജി തള്ളിയ കോടതി അപ്പീലിനായി മൂന്ന് ആഴ്‌ചക്കകം ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, താൻ അനധികൃതമായി ഒന്നും ചെയ്‌തിട്ടില്ലെന്നും സംഭവത്തിൽ മഹാരാഷ്ട്ര കോസ്റ്റൽ സോൺ മാനേജ്‌മെന്‍റ് അതോറിറ്റിയിൽ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും സോനു സൂദ് വ്യക്തമാക്കി.
കങ്കണയ്ക്ക് ശേഷം സോനു സൂദിനെ ലക്ഷ്യം വച്ച് ബിഎംസി വൈരാഗ്യം വീട്ടുകയാണെന്ന് ആരോപിച്ച് ബിജെപി നേതാവ് റാം കദം രംഗത്തെത്തിയിട്ടുണ്ട്. കൊവിഡിലും ലോക്ക് ഡൗണിലും നിരവധി സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ഇന്ത്യക്കാർക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് സോനു സൂദ്.