മുംബൈ: ദീപിക പദുകോണിനെതിരെയുള്ള ആരോപണങ്ങൾക്കും വിമർശനങ്ങൾക്കുമെതിരെ പ്രതികരിച്ച് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. ദീപികയുടെ ജെഎൻയു സന്ദർശനത്തിന് ശേഷം താരത്തിനെതിരെ വന്ന ട്രോളുകളിലും കേന്ദ്രമന്ത്രിയും നടനും ഗായകനുമായ സുപ്രിയോ എതിർപ്പ് പ്രകടിപ്പിച്ചു.
താന്‍ ദീപിക പദുകോണിന്‍റെ വലിയ ആരാധകനാണെന്നും യെ ജവാനി ഹായ് ദിവാനി എന്ന ചിത്രത്തിന് ശേഷം എന്‍റെ ഇളയ മകൾക്ക് നൈന എന്ന് പേരിട്ടെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും താരത്തിന്‍റെ ജെഎൻയു സന്ദർശനത്തെ അധിക്ഷേപിക്കുകയോ പരുഷമായി സംസാരിക്കുകയോ ചെയ്യുന്നതിനെ താന്‍ അപലപിക്കുന്നെന്നും സുപ്രിയോ കൂട്ടിച്ചേർത്തു. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരമെത്തിയപ്പോൾ മറ്റൊരു കൂട്ടരെ അവഗണിച്ചതിനാലാണ് ഇപ്പോൾ താരത്തിനെതിരെ വന്നിരിക്കുന്ന എതിർപ്പെന്നും ബാബുൽ സുപ്രിയോ വ്യക്തമാക്കി.