മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസിലെ വിചാരണക്ക് ഹാജരാകാത്തതിനെ തുടർന്ന് നടി കങ്കണ റണൗട്ടിനെതിരെ മുബൈ കോടതി വാറണ്ട് പുറപ്പെടുവിച്ചു. മുംബൈയിലെ അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി ഒന്നിനായിരുന്നു നടിക്ക് സമന്‍സ് അയച്ചത്. മാര്‍ച്ച് ഒന്നിനകം കങ്കണ കോടതിയില്‍ ഹാജരാകണമെന്ന് കോടതി സമൻസിൽ ആവശ്യപ്പെട്ടു. എന്നാല്‍ കങ്കണ ഇന്ന് ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് പുറപ്പെടുവിച്ചത്.
ജാവേദ് അക്തര്‍ ബോളിവുഡ് മാഫിയയിലെ അംഗമാണെന്ന് കങ്കണ ആരോപിച്ചിരുന്നു. നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ ജാവേദ് അക്തറിന് പങ്കുണ്ടെന്നും നടി പറഞ്ഞു. ഇതേത്തുടർന്നാണ് അക്തർ കങ്കണക്കെതിരെ പരാതി നൽകിയത്. കേസിന്‍റെ അടുത്ത വിചാരണ കോടതി മാര്‍ച്ച് 22ലേക്ക് മാറ്റി.