വിക്രം നായകനായ അന്യൻ ചിത്രത്തിന്‍റെ ബോളിവുഡ് റീമേക്കൊരുങ്ങുന്നുവെന്ന് സംവിധായകൻ ശങ്കർ കഴിഞ്ഞ ദിവസമായിരുന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തമിഴ് സൂപ്പർ ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനായിരുന്ന ശങ്കർ തന്നെയാണ് ബോളിവുഡ് റീമേക്കും ഒരുക്കുന്നത്. എന്നാൽ, ഹിന്ദി ചിത്രത്തിന്‍റെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ട് അന്യൻ സിനിമയുടെ നിർമാതാവ് രംഗത്തെത്തിയിരിക്കുകയാണ്.
നിയമപരമായി സിനിമയുടെ പകർപ്പവകാശം തനിക്കാണെന്നും ചിത്രത്തിന്‍റെ കഥ സുജാത രംഗരാജന്‍റെ പക്കൽ നിന്നും വാങ്ങിയത് താനാണെന്നും നിർമാതാവ് വി രവിചന്ദ്രൻ ശങ്കറിന് അയച്ച നോട്ടീസിൽ പറഞ്ഞു. തന്‍റെ അനുവാദമില്ലാതെയാണ് ബോളിവുഡിലേക്ക് ചിത്രം റീമേക്ക് ചെയ്യുന്നത്. ശങ്കറുമായി ചേർന്ന് ഒരുക്കിയ ബോയ്‌സ് സിനിമയുടെ അനുഭവവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ബോയ്‌സ് വലിയ വിജയമായിരുന്നില്ല. എന്നാൽ, അന്യൻ സിനിമ സംവിധാനം ചെയ്യാൻ അദ്ദേഹത്തിന് അവസരം നൽകി. അത് പിന്നീട് ശങ്കറിന്‍റെ കരിയർ വളർച്ചയിൽ വളരെയധികം സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇതെല്ലാം മറന്നുകൊണ്ടാണ് തന്‍റെ അനുവാദമില്ലാതെ ബോളിവുഡ് റീമേക്കിനായി സംവിധായകൻ തയ്യാറെടുക്കുന്നതെന്നും ഓസ്കർ ഫിലിംസിന്‍റെ ഉടമസ്ഥൻ വി രവിചന്ദ്രൻ നോട്ടീസിൽ വ്യക്തമാക്കി.
രൺവീർ സിംഗിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം നിർമിക്കുന്നത് ജയന്തിലാല്‍ ഗാഡയാണെന്ന് കഴിഞ്ഞ ദിവസം ശങ്കർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
കൂടുതൽ വായനയ്ക്ക്: അന്യൻ ഹിന്ദിയിൽ; ശങ്കറിന്‍റെ നായകൻ രൺവീർ സിംഗ്