മുംബൈ: ഗൂഗിൾ മാപ്പിന് അമിതാഭ് ബച്ചൻ ശബ്‌ദം നൽകുമെന്ന് സൂചനകൾ. ഗൂഗിൾ മാപ്പിലെ ഹിന്ദി വോയ്‌സ് നാവിഗേഷനിൽ ബിഗ് ബിയുടെ ശബ്‌ദം ഉപയോഗിക്കുന്നതിനായി ഗൂഗിൾ അദ്ദേഹത്തിനെ സമീപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കൊവിഡ് പശ്ചാത്തലത്തിൽ വീട്ടിൽ നിന്ന് തന്നെ ശബ്‌ദം റെക്കോർഡ് ചെയ്യേണ്ടതിനാൽ താരത്തിന് വൻ തുക ഗൂഗിൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും സൂചനകളുണ്ട്.
ഒരുകാലത്ത് ഓൾ ഇന്ത്യാ റേഡിയോ നിരസിച്ച ശബ്‌ദം പിന്നീട് പതിറ്റാണ്ടുകളോളം ഇന്ത്യൻ സിനിമ പ്രയോജനപ്പെടുത്തുകയാണ്. ഓസ്‌കാർ ചിത്രം മാർച്ച് ഓഫ് ദി പെൻഗ്വിൻസിൽ ബച്ചൻ ശബ്‌ദത്തിന്‍റെ സാന്നിധ്യമുണ്ട്. നിലവിൽ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാരെൻ ജേക്കബ്‌സാണ് ഗൂഗിൾ മാപ്പിന്‍റെ ശബ്‌ദം. അമിതാഭ് ബച്ചൻ ഗൂഗിളിന്‍റെ വാഗ്ദാനം സ്വീകരിച്ചാൽ ഗൂഗിൾ മാപ്പ് ഹിന്ദി പതിപ്പിൽ ഗാംഭീര്യമുള്ള ഒരു ശബ്‌ദം പ്രതീക്ഷിക്കാം. അതേ സമയം, ഗൂഗിൾ മാപ്പിന്‍റെ ഇംഗ്ലീഷ് ശബ്‌ദം കാരെൻ ജേക്കബ്‌സ് തന്നെയായിരിക്കും.