ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്ത് മരിക്കുന്നതിന് തലേദിവസം താന്‍ സുശാന്തിനെ സന്ദര്‍ശിച്ചുവെന്ന ആരോപണം തീര്‍ത്തും തെറ്റാണെന്ന് നടി റിയ ചക്രബര്‍ത്തി സിബിഐയെ അറിയിച്ചു. കത്തിലൂടെയാണ് ആരോപണം തെറ്റാണെന്ന് റിയ സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇത്തരം തെറ്റായ വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ അയല്‍വാസി ഡിംപിള്‍ തവാനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിയ ആവശ്യപ്പെട്ടു.
'സുശാന്ത് സിംഗ് രജ്‌പുത്ത് 2020 ജൂൺ 13ന് എന്നെ അദ്ദേഹത്തിന്‍റെ കാറില്‍ കയറ്റി കൊണ്ടുവന്ന് എന്‍റെ വസതിക്ക് മുമ്പില്‍ ഇറക്കിവിട്ടുവെന്നുള്ള അയല്‍വാസി ഡിംപിള്‍ താവനിയുടെ ആരോപണം തീർത്തും തെറ്റാണ്. അന്വേഷണം വഴിതിരിച്ച് വിടുന്നതിനായി വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ഡിംപിള്‍ ചെയ്‌തത്' റിയ സിബിഐക്ക് നല്‍കിയ കത്തില്‍ പറഞ്ഞു. അയല്‍വാസിയുടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ടെന്നും ഇത് സിബിഐക്ക് കൈമാറിയതായും റിയ മാധ്യമങ്ങളെ അറിയിച്ചു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടതായും റിയ പറഞ്ഞു. തന്നെ സിബിഐ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോഴെല്ലാം കഴമ്പില്ലാത്ത നിരവധി കഥകള്‍ മെനഞ്ഞ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ഈ പ്രവൃത്തി ഐപിസി സെക്ഷന്‍ 203, 211 ഉം പ്രകാരം ശിക്ഷ ലഭിക്കാവുന്നതാണെന്നും നടപടിയുണ്ടാകണമെന്നും റിയ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിനാണ് ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം ലഭിച്ചത്. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു മാസം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് നടിക്ക് ജാമ്യം ലഭിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 14 ആണ് സുശാന്ത് സിംഗ് രജ്‌പുത്തിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.