മുംബൈ: ധനുഷ്, അക്ഷയ് കുമാർ, സാറാ അലി ഖാൻ ഒന്നിക്കുന്ന ബോളിവുഡ് ചിത്രം 'അത്രൻഗി രേ'യുടെ ചിത്രീകരണം പുനരാരംഭിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ നിർമാണം മുടങ്ങിയ ചിത്രം ഒക്‌ടോബർ മാസം മുതലാണ് വീണ്ടും നിർമാണത്തിനൊരുങ്ങുന്നത്. മധുര, ഡൽഹി, മുംബൈ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്‍റെ ലൊക്കേഷൻ. ആനന്ദ് എൽ. റായിയാണ് അത്രൻഗി രേയുടെ സംവിധാനം നിർവഹിക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിനുള്ള ഷെഡ്യൂളുകൾ ലോക്ക് ഡൗണിൽ പൂർത്തിയാക്കിയിരുന്നതായും ചിത്രീകരണം ആരംഭിക്കുന്നതിൽ അതിയായ ആവേശമുണ്ടെന്നും സംവിധായകൻ അറിയിച്ചു. കൊവിഡിനെതിരെയുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചായിരിക്കും ഷൂട്ടിങ്ങ് നടത്തുന്നതെന്നും ആനന്ദ് എൽ. റായ് വ്യക്തമാക്കി.
ധനുഷിന്‍റെ ബോളിവുഡ് ചിത്രം രാഞ്ജനായ്‌ക്ക് ശേഷം ആനന്ദുമായി തെന്നിന്ത്യയുടെ പ്രിയതാരം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദേശീയ അവാർഡ് ജേതാവായ ഹിമാൻഷു ശർമയാണ് അത്രൻഗി രേയുടെ തിരക്കഥ ഒരുക്കുന്നത്. എ.ആർ റഹ്മാനാണ് സംഗീതം. ധനുഷും സാറയും നായക- നായിക വേഷത്തിലെത്തുന്ന ചിത്രത്തിൽ അക്ഷയ്‌കുമാർ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടി സീരിസും ആനന്ദ് എൽ. റായിയുടെ കളർ യെല്ലോ പ്രൊഡക്ഷൻസും കേപ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ് ഹിന്ദി ചിത്രം നിർമിക്കുന്നത്. അടുത്ത വർഷം അത്രൻഗി രേ റിലീസിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.